Type Here to Get Search Results !

Bottom Ad

ഭക്തിയുടെ നിറവിൽ കലം കനിപ്പ് മഹാനിവേദ്യ ഉത്സവം;ഒഴുകിയെത്തുന്നത് ആയിരങ്ങൾ

Image may contain: one or more people, crowd, outdoor and foodകാസർകോട്  : (www.evisionnews.co)പാലക്കുന്ന് ഭഗവതി ക്ഷേത്ര കലം കനിപ്പ് മഹാനിവേദ്യ ഉത്സവത്തിന് ഭക്തിസാന്ദ്രമായ തുടക്കം. രണ്ട് ദിവസങ്ങളിലായാണ് ഉത്സവം നടക്കുന്നത്. മാറാവ്യാധികളില്‍ നിന്ന് രക്ഷ നേടാനും അഭീഷ്ടകാര്യ സിദ്ധിക്കും കുടുംബത്തിന്റെ ക്ഷേമ ഐശ്വര്യങ്ങള്‍ക്കായി ദേവീസന്നിധിയില്‍ നടത്തുന്ന പ്രാര്‍ഥനാ സമര്‍പ്പണമായ കലം കനിപ്പ് നിവേദ്യത്തിനായി ആയിരങ്ങളാണ് ക്ഷേത്രത്തിലേക്ക് എത്തിയത്.

വ്രതശുദ്ധിയോടെ പച്ചരി, ശര്‍ക്കര, നാളികേരം, അരിപ്പൊടി, വെറ്റിലടയ്ക്ക എന്നിവ പുതിയ മണ്‍കലത്തിലാക്കി വാഴയില കൊണ്ട് മൂടിക്കെട്ടി കുരുത്തോലകളുമായി നടന്നാണ് സ്ത്രീകളടക്കമുള്ളവര്‍ നിവേദ്യ സമര്‍പ്പണത്തിനായി ക്ഷേത്ര സന്നിധിയിലെക്കെത്തുന്നത്.സമര്‍പ്പിക്കുന്ന സാധനങ്ങള്‍ നൂറുകണക്കിനു വാല്യക്കാരുടെ സഹകരണത്തോടെ ക്ഷേത്രാങ്കണത്തില്‍ തയാറാക്കുന്ന പ്രത്യേക അടുപ്പുകളില്‍ നിവേദ്യച്ചോറും അടയും തയാറാക്കി ദേവീസന്നിധിയില്‍ സമര്‍പ്പിച്ച്‌ പ്രസാദമായി നല്‍കുന്നു.

പാലക്കുന്ന് കഴകത്തിലെ പത്തരഗ്രാമത്തില്‍ നിന്നാണ് ആയിരക്കണക്കിനാളുകള്‍ പ്രത്യേകിച്ച്‌ സ്ത്രീകള്‍ ഒറ്റയ്ക്കും ഘോഷയാത്രയായും ദേവീസന്നിധിയിലേക്കുള്ള കലങ്ങള്‍ തലയിലേന്തി വെള്ളിയാഴ്ച രാവിലെ മുതല്‍ ക്ഷേത്രത്തിലേക്ക് എത്തിത്തുടങ്ങിയത്. ഭണ്ഡാരവീട്ടില്‍ നിന്ന് ഭണ്ഡാരക്കലം എഴുന്നള്ളിക്കുന്നതോടെയാണ് നിവേദ്യ സമര്‍പ്പണ ചടങ്ങ് തുടങ്ങിയത്. തീയ സമുദായ അംഗങ്ങള്‍ക്കാണ് കലം സമര്‍പ്പിക്കാനുള്ള അവകാശമെന്നതിനാല്‍ മറ്റു മതസ്ഥര്‍ തീയ സമുദായ അംഗങ്ങള്‍ വഴിയും ക്ഷേത്രത്തില്‍ പ്രാര്‍ഥന സമര്‍പ്പിക്കാറുണ്ട്. ആറ്റുകാല്‍ പൊങ്കാലയോട് സാമ്യമുള്ളതാണ് പാലക്കുന്ന് ഭഗവതി ക്ഷേത്രത്തിലെ കലം കനിപ്പ് നിവേദ്യ ചടങ്ങുകള്‍.

Post a Comment

0 Comments

Top Post Ad

Below Post Ad