തിരുവനന്തപുരം: ആലപ്പുഴയില്‍ കെ.എസ്.യു സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സമരകാഹളം പരിപാടിക്കിടെ നടന്ന സി.പി.എം അതിക്രമത്തില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കാന്‍ കെ.എസ്.യു ആഹ്വാനം ചെയ്തു. അതേസമയം, കെ.എസ്.യു പ്രവര്‍ത്തകര്‍ നടത്തിയ അക്രമത്തില്‍ പ്രതിഷേധിച്ച് ഞായറാഴ്ച ആലപ്പുഴ നഗരത്തില്‍ ഉച്ചവരെ സി.പി.എം ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നു. ശനിയാഴ്ച രാത്രി നടന്ന പരിപാടിയില്‍ പങ്കെടുത്തതിന് ശേഷം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും വേദി വിട്ടതിന് പിന്നാലെയായിരുന്നു ഡി.വൈ.എഫ്.ഐ - കെ.എസ്.യു പ്രവര്‍ത്തകര്‍ പരസ്പരം ഏറ്റുമുട്ടിയത്.
നഗരത്തിലെ സി.ഐ.ടി.യു ഓഫീസിന് നേരെ കല്ലേറുണ്ടായെന്നും സി.പി.എമ്മിന്റെ കൊടിതോരണങ്ങള്‍ തകര്‍ത്തെന്നും ആരോപിച്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ രംഗത്തെത്തിയതോടെയാണ് സംഘര്‍ഷമുണ്ടായത്. പരിപാടിക്കായി കെ.എസ്.യു പ്രവര്‍ത്തകര്‍ എത്തിയ വാഹനങ്ങള്‍ക്ക് നേരെയും കല്ലേറ് നടന്നു. സംഘര്‍ഷത്തില്‍ ഇരുപക്ഷത്തേയും പ്രവര്‍ത്തകര്‍ക്കും പൊലീസുകാര്‍ക്കും മാദ്ധ്യമ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. അക്രമാസക്തരായ പ്രവര്‍ത്തകരെ പിരിച്ചു വിടാന്‍ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തുകയായിരുന്നു. കൊടിക്കുന്നില്‍ സുരേഷ് എം.പിയുടേത് ഉള്‍പ്പെടെ ഇരുപതോളം വാഹനങ്ങള്‍ സംഘര്‍ഷത്തിനിടെ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തിരുന്നു.
Post a Comment
0 Comments