Type Here to Get Search Results !

Bottom Ad

സ്വകാര്യ ബസ് പണിമുടക്ക്: ജില്ലയില്‍ ആനവണ്ടികള്‍ ഓടിയെടുത്തത് അരക്കോടിയോളം അധിക വരുമാനം


കാസര്‍കോട്: (www.evisionnews.co) അഞ്ചുദിവസം നീണ്ട സ്വകാര്യ ബസ് സമരം ഏതുതരത്തിലും ആശ്വാസം പകര്‍ന്നത് കെ.എസ്.ആര്‍.ടി.സിക്ക്. കൂനിന്‍മേല്‍ കുരുവെന്ന മട്ടില്‍ നഷ്ടത്തില്‍ കൂപ്പുകുത്തുകയായിരുന്ന കെ.എസ്.ആര്‍.ടി.സിക്ക് ഈദിവസങ്ങളില്‍ വമ്പന്‍ കളക്ഷാനാണ് ഉണ്ടായത്. കാസര്‍കോട് ഡിപ്പോയില്‍ മാത്രം കാല്‍കോടിയിലധികം രൂപയുടെ അധിക വരുമാനമാണ് ആനവണ്ടികള്‍ ഓടിയെടുത്തത്. ബസ് സമരം ആരംഭിച്ച വെള്ളിയാഴ്ച 14,82501 രൂപയും 17ന് 16,76,376 രൂപയും 18ന് 14,28,565 രൂപയും, നാലാംദിവസമായ 19ന് 18,83,943 രൂപയുമാണ് സര്‍വീസ് ഇനത്തില്‍ കെ.എസ്.ആര്‍.ടി.സി നേടിയത്. 

ഇന്നലെ രാവിലെ തന്നെ സമരം പിന്‍വലിച്ചെങ്കിലും വിരലിലെണ്ണാവുന്ന സ്വകാര്യ ബസുകള്‍ മാത്രമെ ഓടിത്തുടങ്ങിയിരുന്നുള്ളൂ. നാലു ലക്ഷത്തിലധികം അധിക വരുമാനം ഇന്നലെയും ഡിപ്പോ സ്വന്തമാക്കിയിരുന്നു. അതായത് അഞ്ചുദിവസം കൊണ്ട്് മുക്കാല്‍കോടിയിലധികം വരുമാനം. സാധാരണയായി ടാര്‍ജറ്റായി കരുതുന്ന 6.3ലക്ഷം എന്നത് സമര ദിവസങ്ങളില്‍ കാഞ്ഞങ്ങാട്ട് ഇരട്ടിയോളമായി ഉയര്‍ന്നു. സമരം തുടങ്ങിയ 16ന് 6.75 ലക്ഷവും 17ന് 7.99 ലക്ഷവും 18ന് 8.89 ലക്ഷവും 19ന് 8.21 ലക്ഷവും ഇന്നലെ 9.48ലക്ഷം രൂപയുമാണ് കാഞ്ഞങ്ങാട് ഡിപ്പോയ്ക്ക് ലഭിച്ച വരുമാനം. 

ജീവനക്കാരുടെ ശമ്പളവും മറ്റും ഉള്‍പ്പെടെ കാസര്‍കോട് ഡിപ്പോയുടെ മുഴുവന്‍ ചെലവും നടന്നുപോകാന്‍ പ്രതിദിനം 12.4 ലക്ഷം രൂപ വരുമാനം ഉണ്ടാകണമെന്നാണ് കണക്ക്. എന്നാല്‍ മുക്കാല്‍ ശതമാനമാണ് സാധാരണഗതിയില്‍ ഡി്‌പ്പോയുടെ വരുമാനം. അങ്ങനെയായാല്‍ കാല്‍കോടിയോളം രൂപയുടെ അധിക വരുമാനമാണ് അഞ്ചുദിവസം കൊണ്ട് ഡിപ്പോ ഉണ്ടാക്കിയത്. സ്വകാര്യ ബസുകള്‍ നിരത്തിലിറങ്ങാത്തതും പൊതുജനങ്ങളുടെ ആവശ്യം കണ്ടറിഞ്ഞ് കൂടുതല്‍ സര്‍വീസ് ഒരുക്കിയതും അധികലാഭമുണ്ടാകാന്‍ കാരണമായതായി അധികൃതര്‍ പറഞ്ഞു. 

എറണാകുളം, കണ്ണൂര്‍, കോഴിക്കോട്, കാഞ്ഞങ്ങാട് എന്നിവിടങ്ങളിലേക്കും കൂടുതലായി സ്വകാര്യ ബസുകളെ ആശ്രയിക്കുന്ന മേഖലകളായ ബന്തടുക്ക, മുള്ളേരിയ, പെര്‍ള, കുമ്പള- മുള്ളേരിയ, കുമ്പള- പെര്‍ള, തളങ്കര എന്നിവിടങ്ങളിലേക്കും കൂടുതല്‍ സര്‍വീസുകള്‍ ഒരുക്കിയിരുന്നു. പാണത്തൂര്‍ റൂട്ടില്‍ മഞ്ഞടുക്കത്ത് ഉത്സവമുള്ളതിനാല്‍ ആ റൂട്ടില്‍ സാധാരണ കൂടുതലുള്ള സ്വാകാര്യ ബസുകളില്ലാത്തത് കൂടുതല്‍ കലക്ഷന്‍ കെ.എസ്.ആര്‍.ടി.സിക്കുണ്ടാക്കി. കൂടുതല്‍ ബസുകള്‍ ആമേഖലക്ക് വേണമെന്നാവശ്യപ്പെട്ട് ഉല്‍സവ കമ്മിറ്റിക്കാര്‍ കത്ത് നല്‍കിയ കാര്യവും കാഞ്ഞങ്ങാട് ഡിപ്പോ അധികൃതര്‍ അറിയിച്ചു. ദിവസവും പാണത്തൂര്‍ മലയോര മേഖലയില്‍ മാത്രം കാഞ്ഞങ്ങാട് ഡിപ്പോയ്ക്ക് കീഴില്‍ പത്തു സര്‍വീസുകള്‍ നടത്തി. ഡിപ്പോയിലെ മുഴുവന്‍ ഷെഡ്യൂളുകളും 54ഉം ഈ ദിവസങ്ങളില്‍ ഓടിയതായും കാഞ്ഞങ്ങാട് ഡിപ്പോ അധികൃതര്‍ അറിയിച്ചു. 







Post a Comment

0 Comments

Top Post Ad

Below Post Ad