Type Here to Get Search Results !

Bottom Ad

ബാർ കോഴക്കേസിൽ മാണിക്ക് ആശ്വാസം;സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി


ന്യൂഡൽഹി: (www.evisionnews.co)ബാർ കോഴക്കേസിൽ മുൻമന്ത്രിയും കേരള കോൺഗ്രസ് നേതാവുമായ കെ.എം. മാണിക്ക് ആശ്വാസം. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി. നിലവിൽ വിജിലൻസ് അന്വേഷണം തുടരുന്ന സാഹചര്യത്തിൽ ഇപ്പോൾ ഇക്കാര്യത്തിൽ ഇടപെടുന്നില്ല എന്നു പറഞ്ഞാണു കോടതി ഹർജി തള്ളിയത്. വിജിലൻസ് അന്വേഷണത്തിൽ പരാതികളുണ്ടെങ്കിൽ പിന്നീടു സമർപ്പിക്കാമെന്നും കോടതി വ്യക്തമാക്കി. സമാന ആവശ്യം ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. ബിജെപി സംസ്ഥാന കമ്മിറ്റിയംഗം നോബിൾ മാത്യു ആണ് വിജിലൻസ് അന്വേഷണം കാര്യക്ഷമമല്ലെന്നു ചൂണ്ടിക്കാട്ടി ഹർജി നൽകിയത്.
ഹർജിയിൽ വിശദമായ വാദം പോലും കേൾക്കാതെയാണു ഡിവിഷൻ ബെഞ്ച് ഹർജി തള്ളിയത്. നിലവിൽ വിജിലൻസ് അന്വേഷണം നടക്കട്ടെ, അതിൽ ഇടപെടില്ല. അന്വേഷണം അവസാനിച്ചശേഷം പരാതിയുണ്ടെങ്കിൽ ഉചിതമായ കോടതിയെ സമീപിക്കാമെന്നും ജസ്റ്റിസുമാരായ രഞ്ജൻ ഗൊഗോയ്, ഭാനുമതി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് അറിയിച്ചു. അതേസമയം, ബാർ കോഴക്കേസിൽ സിബിഐ അന്വേഷണം തള്ളിയ സുപ്രീം കോടതി ഉത്തരവ് കെ.എം. മാണി സ്വാഗതം ചെയ്തു.മാണി കേരള രാഷ്ട്രീയത്തിലെ ഉന്നത നേതാവാണെന്നും കേസിൽ ശരിയായ അന്വേഷണം നടക്കുന്നില്ലെന്നുമാണ് നോബിൾ മാത്യുവിന്റെ പരാതി. ‘മാണിയെ പ്രോസിക്യൂട്ട് ചെയ്യാൻ വിജിലൻസിനു താൽപര്യമില്ല. മാണിക്കെതിരെ സംസ്ഥാന ഏജൻസികൾ നടത്തുന്ന അന്വേഷണം നിഷ്പക്ഷമാവില്ല. പൊതുജനങ്ങൾക്കിടയിൽ അത് ഒരു വിശ്വാസ്യതയും ഉണ്ടാക്കില്ല. കേസിൽ അന്വേഷണം അവസാനിപ്പിക്കാൻ ഒന്നിലധികം തവണ വിജിലൻസ് നീക്കം നടത്തിയതാണ്. എന്നാൽ കോടതികളുടെ ഫലപ്രദമായ ഇടപെടലുകൾ കാരണമാണു കേസ് അന്വേഷണം അവസാനിപ്പിക്കാൻ വിജിലൻസിനു കഴിയാത്തത്’ ഹർജിയിൽ പറയുന്നു.

എന്നാൽ തുടരന്വേഷണം നടക്കുന്നതിനാൽ ഈ ഘട്ടത്തിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്നു വ്യക്തമാക്കിയാണു നോബിൾ മാത്യുവിന്റെ ഹർജി ഹൈക്കോടതി തള്ളിയത്. വിജിലൻസ് റിപ്പോർട്ടിൽ എന്തെങ്കിലും ആക്ഷേപം ഉണ്ടെങ്കിൽ ഹർജിക്കാരനു വിചാരണക്കോടതിയെ സമീപിക്കാമെന്നും സിബിഐ അന്വേഷണം ആവശ്യപ്പെട്ടു നോബിൾ സമർപ്പിച്ച ഹർജിയിൽ പൊതുതാൽപ്പര്യമില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad