Type Here to Get Search Results !

Bottom Ad

കാസര്‍കോട് മെഡിക്കല്‍ കോളജിന് 80.2കോടിയുടെ സാങ്കേതികാനുമതിയായി

കാസര്‍കോട് (www.evisionnews.co): കാസര്‍കോട് മെഡിക്കല്‍ കോളജ് ആസ്പത്രി കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിന് 80,26,77000 രൂപയുടെ സാങ്കേതികാനുമതിയായതായി എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അറിയിച്ചു. മെഡിക്കല്‍ കോളജ് ആസ്പത്രി കെട്ടിടത്തിന്റെ നിര്‍മാണത്തിന് ഒരാഴ്ചക്കുള്ളില്‍ ടെണ്ടര്‍ നടക്കും. ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായാലുടന്‍ പണി ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. 
നേരത്തെ കാസര്‍കോട് പാക്കേജില്‍ നിന്ന് 25 കോടി രൂപ ചെലവഴിച്ച് അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്റെ നിര്‍മാണം നടത്തിയിരുന്നുവെങ്കിലും അതിന് ശേഷം മറ്റു നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വര്‍ഷങ്ങളായി നിലച്ച മട്ടിലായിരുന്നു. നബാര്‍ഡില്‍ നിന്ന് കിട്ടിയ 69 കോടി രൂപക്ക് ഹോസ്പിറ്റല്‍ ബ്ലോക്ക് നിര്‍മാണത്തിന് നേരത്തെ ടെണ്ടറായിരുന്നുവെങ്കിലും പിന്നീടത് റദ്ദാക്കി. സാങ്കേതിക കാരണം പറഞ്ഞാണ് ടെക്നിക്കല്‍ കമ്മിറ്റി ടെണ്ടര്‍ റദ്ദ് ചെയ്തത്. ഇതോടെ മെഡിക്കല്‍ കോളജ് നിര്‍മ്മാണം നിലച്ചുപോകുമോ എന്ന ആശങ്ക ഉയര്‍ന്നു. നിരവധി സംഘടനകളുടെ നേതൃത്വത്തില്‍ സമരവും നടന്നിരുന്നു. എന്നാല്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയുടെ നേതൃത്വത്തില്‍ സംസ്ഥാന ആരോഗ്യവകുപ്പ് സെക്രട്ടറി രാജേഷ് ദിവാനെ നിരന്തരം ബന്ധപ്പെടുകയും അദ്ദേഹം കാസര്‍കോട് മെഡിക്കല്‍ കോളജിന് വേണ്ടി താത്പര്യം പ്രകടിപ്പിക്കുകയും സാങ്കേതികാനുമതിക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വേഗതയുണ്ടാവുകയുമായിരുന്നു. തുടര്‍ന്നാണ് 80,26,77,000 രൂപയുടെ സാങ്കേതികാനുമതി ആയത്.
കാസര്‍കോട് മെഡിക്കല്‍ കോളജിന് മൊത്തം 385 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇലക്ട്രിക്കല്‍ വര്‍ക്കുകള്‍ക്കായി ആറരകോടി രൂപയും റസിഡന്‍ഷ്യന്‍ ഫെസിലിറ്റീസ്, ഹോസ്റ്റല്‍ ബ്ലോക്ക് തുടങ്ങിയവ നിര്‍മിക്കാനായി 150 കോടി രൂപയും വേണ്ടിവരുമെന്നാണ് കണക്ക് കൂട്ടല്‍.

Post a Comment

0 Comments

Top Post Ad

Below Post Ad