കാസര്‍കോട് (www.evisionnews.co): ചീമിനിയിലെ റിട്ട. അധ്യാപിക പി.വി ജാനകി കൊലപാതക കേസില്‍ അന്വേഷണം എങ്ങുമെത്താത്തതിനെതിരെ പ്രതിഷേധം ശക്തമാവുന്നു. കഴിഞ്ഞ ഡിസംബര്‍ 13ന് രാത്രിയാണ് ജാനകി കൊലചെയ്യപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവും റിട്ട. അധ്യാപകനുമായ കൃഷ്ണനും പരിക്കേറ്റിരുന്നു. കൃത്യം നടത്തി രണ്ടുമാസം തികയാറായിട്ടും കൊലയാളിയെ കണ്ടെത്താനാവാതെ വട്ടംകറങ്ങുകയാണ് പോലീസ്. കവര്‍ച്ച തടയാനുള്ള ശ്രമത്തിനിടയിലാണ് ജാനകിയെ കൊലപ്പെടുത്തിയതും ഭര്‍ത്താവിനെ പരിക്കേല്‍പ്പിച്ചതും എന്നാണ് പോലീസിന്റെ പ്രഥമ റിപ്പോര്‍ട്ട്.
എന്നാല്‍ ഇത് പൂര്‍ണമായും തള്ളിക്കളയുകയാണ് നാട്ടുകാര്‍. ഘാതകരെ പിടികൂടാന്‍ പോലീസിന് തടസമായി നില്‍ക്കുന്നത് എന്താണെന്ന ചോദ്യത്തിന് ഉത്തരവും കിട്ടുന്നില്ല. കൊലക്കുപയോഗിച്ച ആയുധം ഇതുവരെയും കണ്ടെത്താനും കഴിഞ്ഞിട്ടില്ല. വീടും പറമ്പും പരിസരവും അരിച്ചുപെറുക്കുകയും കിണര്‍വെള്ളം വറ്റിക്കുകയും ചെയ്തിട്ടും ആയുധം കണ്ടെത്താനായില്ല. കൃഷ്ണന്‍ മാസ്റ്ററെ നുണ പരിശോധനക്ക് വിധേയമാക്കാനുള്ള അന്വേഷണ സംഘത്തിന്റെ നീക്കവും ഫലവത്തായിട്ടില്ല. ചെന്നൈ, പാലക്കാട്, കണ്ണൂര്‍, കര്‍ണാടക തുടങ്ങി പല മേഖലകളിലും ദിവസങ്ങളോളം തമ്പടിച്ച് അന്വേഷണം നടത്തിയെങ്കിലും യാതൊരു തുമ്പും കണ്ടെത്താനായിട്ടില്ല.
Post a Comment
0 Comments