Type Here to Get Search Results !

Bottom Ad

ജാനകി വധം; മുഖ്യ പ്രതി അരുണിനെ കാത്ത് പോലീസ് കോഴിക്കോട് വിമാനത്താവളത്തില്‍

Image result for ജാനകി വധംകാഞ്ഞങ്ങാട്: (www.evisionnews.co) ജാനകി വധക്കേസിലെ മുഖ്യ പ്രതി അരുണിനെ കാത്ത് പോലീസ് കോഴിക്കോട് വിമാനത്താവളത്തില്‍.പ്രതിയാണെന്ന് അറിഞ്ഞതോടെ പ്രവാസികള്‍ അരുണിനെ പിടികൂടി ഗള്‍ഫില്‍ നിന്നും നാട്ടിലേക്ക് കയറ്റിവിടുകയായിരുന്നു .പ്രതിയെ രാത്രിയോടെ കോഴിക്കോട് വിമാനത്താവളത്തില്‍ വെച്ച്‌ പോലീസ് അറസ്റ്റ് ചെയ്യും. പ്രവാസികളുമായി പോലീസും ബന്ധപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് വൈകിട്ട് നാലുമണിയോടെ അബൂദാബിയില്‍ നിന്നും അരുണിനെ വിമാനമാര്‍ഗം കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് കയറ്റിവിട്ടത്.


കേസിലെ മറ്റു പ്രതികളായ പുലിയന്നൂര്‍ ചീര്‍ക്കുളം സ്വദേശികളായ റിനേഷ് (27), വിശാഖ് (28) എന്നിവരെ പ്രത്യേക അന്വേഷണ സംഘം ബുധനാഴ്ച രാത്രി ഒമ്ബതു മണിയോടെയാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കുന്ന പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പിനുമായി കസ്റ്റഡിയില്‍ വാങ്ങുമെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. കൊലയ്ക്കു ശേഷം ഇക്കഴിഞ്ഞ ഫെബ്രുവരി നാലിനാണ് അരുണ്‍ ഗള്‍ഫിലേക്ക് കടന്നത്.

സ്വര്‍ണവും പണവും കവര്‍ച്ച ചെയ്യാന്‍ വേണ്ടിയാണ് സംഘം ജാനകിയുടെ വീട്ടിലെത്തിയത്. തുടര്‍ന്ന് ജാനകി ടീച്ചര്‍ ഇവരെ തിരിച്ചറിഞ്ഞതോടെ അരുണ്‍ കഴുത്തിനു വെട്ടി കൊലപ്പെടുത്തുകയും ഭര്‍ത്താവ് കൃഷ്ണന്‍ മാസ്റ്ററെ വെട്ടിപ്പരിക്കേല്‍പിച്ച്‌ രക്ഷപ്പെടുകയുമായിരുന്നു. പരിക്കേറ്റ കൃഷ്ണന്‍ മാസ്റ്റര്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസെത്തുമ്ബോഴേക്കും ജാനകി രക്തം വാര്‍ന്ന് മരണപ്പെട്ടിരുന്നു. പരിക്കേറ്റ കൃഷ്ണന്‍ മാസ്റ്ററെ പോലീസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.




കേസില്‍ അറസ്റ്റിലായ റനീഷ് കല്ലുകെട്ട് തൊഴിലാളിയാണ്. വിശാഖ് അപസ്മാര രോഗത്തെ തുടര്‍ന്ന് പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച ശേഷം കൂലിപ്പണി ചെയ്ത് വരികയായിരുന്നു. ഇരുവരെയും ജാനകി ടീച്ചര്‍ ചെറിയ ക്ലാസുകളില്‍ പഠിപ്പിച്ചിരുന്നു. വിശാഖിന്റെ അച്ഛന്‍ പോലീസില്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വിശാഖിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതെന്നും എന്നാല്‍ ആദ്യമൊന്നും ഇയാള്‍ സഹകരിക്കാന്‍ തയ്യാറായില്ലെന്നും പോലീസ് വെളിപ്പെടുത്തി. പിന്നീട് സ്വര്‍ണം പണയം വെക്കാന്‍ തന്നത് കാമുകിയാണെന്ന് പറഞ്ഞ് ഇയാള്‍ പോലീസിനെ കബളിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ കാമുകിയുടെ പേര് ചോദിച്ചപ്പോള്‍ ഉത്തരം മുട്ടി. തുടര്‍ന്നാണ് കൂട്ടുപ്രതിയായ റനീഷാണ് സ്വര്‍ണം തന്നതെന്ന് വെളിപ്പെടുത്തിയത്. റനീഷിനെ ചോദ്യം ചെയ്തതോടെയാണ് മോഷണവും കൊലപാതകവും തങ്ങളാണ് നടത്തിയതെന്ന് ഇരുവരും സമ്മതിച്ചത്. എട്ട് പവന്‍ വരുന്ന സ്വര്‍ണം ഇയാള്‍ കണ്ണൂരിലെ കുഞ്ഞിക്കണ്ണന്‍ ജ്വല്ലറിയിലാണ് വിറ്റത്. ബാക്കി 15 പവന്‍ മംഗളൂരുവിലാണ് വില്‍പന നടത്തിയത്. കണ്ണൂരില്‍ വിറ്റ സ്വര്‍ണം പോലീസ് കണ്ടെടുത്തിട്ടുണ്ട്. അബൂദാബിയില്‍ ജോലി ചെയ്യുന്ന അരുണ്‍ അവധിക്ക് നാട്ടിലെത്തിയപ്പോഴാണ് കവര്‍ച്ച ആസൂത്രണം ചെയ്തത്.

മകന്റെ കൈവശം കൂടുതല്‍ പണം കണ്ട വിശാഖിന്റെ അച്ഛന്‍ പോലീസില്‍ പറഞ്ഞതുകൊണ്ടാണ് കൊലപാതകത്തിന് തുമ്ബായതെന്ന് നാട്ടുകാര്‍ വ്യക്തമാക്കുന്നു. വിശാഖിന്റെ പിതാവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയതെന്നും നാട്ടുകാര്‍ പറയുന്നു. വിശാഖിന്റെ അച്ഛന്‍ ചീമേനിയില്‍ കടല വില്‍പ്പനക്കാരനാണ്. സാമ്ബത്തികമായി ഏറെ പിന്നോക്കം നില്‍ക്കുന്ന കുടുംബമാണ് വിശാഖിന്റേത്. വിശാഖിന്റെ അച്ഛന്‍ ക്യാന്‍സര്‍ രോഗികൂടിയാണ്. കുറ്റവാളിയായ മകനെ പോലീസിന് കാണിച്ച്‌ കൊടുത്തതിനാല്‍ ആ കുടുംബത്തെ സംരക്ഷിക്കുമെന്ന് നാട്ടുകാര്‍ പറഞ്ഞു. മോഷണത്തിലും അതുവഴി സ്വന്തം അധ്യാപികയുടെ മരണത്തിനും കാരണക്കാരനായ മകനെ പോലീസിന് ചൂണ്ടിക്കാണിച്ച പിതാവിനെ ആദരിക്കാനുള്ള ഒരുക്കം നാട്ടുകാര്‍ നടത്തിയിരുന്നുവെങ്കിലും പിതാവിന്റെ ദയനീയസ്ഥിതി മനസിലാക്കി ആ നീക്കം ഉപേക്ഷിക്കുകയായിരുന്നു. വ്യാഴാഴ്ച വൈകിട്ട് നാട്ടുകാര്‍ പുലിയന്നൂരില്‍ യോഗം ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്. ഈ യോഗത്തില്‍ പ്രതികളായ മൂന്നു പേരെയും ഇനി നാട്ടില്‍ വരാന്‍ അനുവദിക്കില്ലെന്നും കുടുംബത്തിന് ആവശ്യമായ സംരക്ഷണം നല്‍കുമെന്നുമാണ് നാട്ടുകാര്‍ പറയുന്നത്.

Post a Comment

0 Comments

Top Post Ad

Below Post Ad