കണ്ണൂര്‍ (www.evisionnews.co): യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ രണ്ടു സി.പി.എം പ്രവര്‍ത്തകര്‍ പൊലീസിന് മുമ്പില്‍ ഹാജരായി. തില്ലങ്കേരി സ്വദേശികളായ ആകാശ്, റിജിന്‍ എന്നിവരാണു മാലൂര്‍ പോലീസ് സ്റ്റേഷനിലെത്തിയത്. ഇവരെ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തുവരുന്നു. ഇവരുടെ സുഹൃത്ത് ശ്രീജിത്തിനെ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ശ്രീജിത്തില്‍ നിന്നുലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് വിളിച്ചു വരുത്തിയതാണെന്നും പറയുന്നു.
ആര്‍എസ്എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളാണു മൂന്നുപേരും. ഇവര്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരല്ല എന്നാണു സൂചന. അതേസമയം, കൊലപാതകം നടന്ന് ആറു ദിവസമായിട്ടും പ്രതികളെ പിടികൂടാത്തതില്‍ പ്രതിഷേധിച്ചു കോണ്‍ഗ്രസ് നാളെ മുതല്‍ സമരം ശക്തിപ്പെടുത്താനിരിക്കെ സിപിഎം നേതൃത്വം ഡമ്മി പ്രതികളെ ഇറക്കിയതാണെന്നും ആരോപണമുണ്ട്. കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍ തിങ്കളാഴ്ച രാവിലെ കണ്ണൂര്‍ കലക്ടറേറ്റ് പടിക്കല്‍ അനിശ്ചിതകാല നിരാഹാരം തുടങ്ങാനിരിക്കുകയാണ്.
ഷുഹൈബ് കൊല്ലപ്പെട്ട് അഞ്ചു ദിവസമായിട്ടും വീട്ടിലെത്തി ബന്ധുക്കളുടെ മൊഴിയെടുക്കാന്‍ പൊലീസ് തയാറായിട്ടില്ലെന്നും പരാതിയുണ്ട്. പ്രദേശവാസികളായ നാലോ അഞ്ചോ പേരാണ് പ്രതികളെന്ന് ആദ്യ മൂന്നു ദിവസത്തിനുള്ളില്‍ത്തന്നെ തിരിച്ചറിഞ്ഞിരുന്നു. ഇതില്‍ ഒരാള്‍ ജില്ലാ നേതാവിന്റെ ബന്ധുവും മറ്റൊരാള്‍ സമൂഹമാധ്യമങ്ങളില്‍ സജീവമായ ആളുമാണെന്നും വിവരമുണ്ട്.
Post a Comment
0 Comments