Type Here to Get Search Results !

Bottom Ad

കവി കുരീപ്പുഴ ശ്രീകുമാറിനെ ആക്രമിച്ച സംഭവം: ആറ് ആര്‍എസ്എസുകാര്‍ അറസ്റ്റില്‍


കൊല്ലം കവി കുരീപ്പുഴ ശ്രീകുമാറിനെ ആക്രമിച്ച സംഭവത്തില്‍ ആറ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ദീപു, മനു, ശ്യാം, കിരണ്‍, വിഷ്ണു, സുജിത് എന്നിവരാണ് അറസ്റ്റിലായത്. ആക്രമണത്തില്‍ 15 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. ഇന്നലെ രാത്രിയാണു കടയ്ക്കലില്‍ ഗ്രന്ഥശാലയുടെ പരിപാടിയില്‍ പങ്കെടുത്തു മടങ്ങവേ കവി കുരീപ്പുഴയ്ക്കുനേരെ ആക്രമണമുണ്ടായത്.

അക്രമികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍  കൊല്ലം റൂറല്‍ എസ്പിക്കു നിര്‍ദേശം നല്‍കിയിരുന്നു. കടയ്ക്കല്‍ കോട്ടുക്കല്‍ കൈരളി ഗ്രന്ഥശാലയുടെ വാര്‍ഷികത്തോടുനുബന്ധിച്ചുള്ള സംസ്‌കാരിക സമ്മേളനത്തില്‍ പങ്കെടുത്തു മടങ്ങവേയാണ് കുരീപ്പുഴ ശ്രീകുമാറിനെ ആക്രമിച്ചത്. വേദിയില്‍നിന്നു ഇറങ്ങിയ ഉടന്‍ ഇദ്ദേഹത്തെ ഒരു സംഘം തടയുകയായിരുന്നു. കാറില്‍ കയറാന്‍ ശ്രമിച്ച തന്നെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പ്രസംഗത്തിന്റെ പേരില്‍ ചോദ്യം ചെയ്‌തെന്നും കാറിനുള്ളില്‍ കയറിയതിനാല്‍ മര്‍ദനമേറ്റില്ലെന്നുമാണ് കുരീപ്പുഴ നല്‍കിയ മൊഴി. കാറിന്റെ പുറത്ത് ആഞ്ഞടിച്ച് ആക്രോശിച്ചതായും കുരീപ്പുഴ പറഞ്ഞു.

ഗ്രന്ഥശാലയുടെ വേദിയെ രാഷ്ട്രീയപ്രസംഗത്തിന് ഉപയോഗിച്ചത് ഉചിതമായില്ലെന്നു പറഞ്ഞായിരുന്നു അതിക്രമം. ആര്‍എസ്എസുകാരാണ് ആക്രമിച്ചതിനു പിന്നിലെന്നും വടയമ്പാടി പ്രശ്‌നം പരാമര്‍ശിച്ചതാണ് പ്രകോപനത്തിനു കാരണമെന്നും കുരീപ്പുഴ ശ്രീകുമാര്‍ പറഞ്ഞു.
തിങ്കളാഴ്ച രാത്രി ഒന്‍പതുമണിയോടെയായിരുന്നു സംഭവം. ആക്രമണത്തിനിരയായ കവി കടയ്ക്കല്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയാണ് മടങ്ങിയത്. ഗ്രന്ഥശാലയുടെ ചടങ്ങില്‍ പങ്കെടുത്തു മടങ്ങിയ കവിയെ പ്രസംഗത്തിന്റെ പേരില്‍ ആക്രമിച്ചത് വലിയ പ്രതിഷേധത്തിനിടയാക്കുകയും ചെയ്തു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad