കൊച്ചി: (www.evisionnews.co)വൈറ്റില മേല്‍പാലം നിര്‍മാണത്തെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച് ഹൈകോടതി. ആര്‍ക്ക് വേണ്ടിയാണ് ഗുണം ചെയ്യാത്ത ഇത്തരം പദ്ധതികളെന്ന് കോടതി ചോദിച്ചു. പൊതുജനത്തിന്റെ നികുതി പണം ഉപയോഗിച്ചുണ്ടാക്കുന്ന പദ്ധതികള്‍ അവര്‍ക്ക് ഉപകരിക്കുന്നതാവണമെന്നും കോടതി നിരീക്ഷിച്ചു. പാലത്തിന്റെ അലൈന്‍മെന്റ് സംബന്ധിച്ച ഷമീര്‍ അബ്ദുല്ലയുടെ ഹരജിയിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ വിമര്‍ശനം.മേല്‍പാലം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് കുരുക്കുകളില്ലാത്ത വിധം മുകളിലൂടെ മറുവശം കടക്കലാണ്. ഇന്നത്തെ തലമുറക്ക് വേണ്ടി മാത്രമാകരുത് പദ്ധതികള്‍. ഇവ ഗുണമില്ലെന്ന് വരുന്ന തലമുറക്ക് തോന്നരുത്. രണ്ട് റോഡിലെ മാത്രം തിരക്ക് കുറക്കാന്‍ എന്തിനാണ് ഇത്ര വലിയ പദ്ധതിയെന്ന് കോടതി ചോദിച്ചു.
മറ്റ് റോഡുകളിലെ തിരക്കിന് ഒരു കുറവും ഇതുവഴി ഉണ്ടാവുകയില്ല. അതിനാല്‍ എല്ലാ വശങ്ങളും പഠിച്ച് വേണം നിര്‍മാണം നടത്താന്‍. ഒരു തവണ പണിത് സൗകര്യക്കുറവിന്റെ പേരില്‍ പൊളിച്ച് പണിയല്‍ പ്രായോഗികമല്ല. നിര്‍മാണം സര്‍ക്കാര്‍ സ്വയം ഏറ്റെടുത്തത് തന്നെ കേന്ദ്ര ഫണ്ടുള്‍പ്പെടെ വേണ്ടെന്ന നിലപാട് സ്വീകരിച്ചതാണ്. ഹരജിക്കാരന്റേതടക്കം നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ബന്ധപ്പെട്ടവരുടെ യോഗം ചേരണമെന്നും കോടതി നിര്‍ദേശിച്ചു.
Post a Comment
0 Comments