ന്യൂഡല്‍ഹി (www.evisionnews.co): നേര്‍ക്കുനേരെയെത്തിയ എയര്‍ ഇന്ത്യയുടെയും വിസ്റ്റാരയുടെയും വിമാനങ്ങള്‍ കൂട്ടിയിടിക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഈമാസം ഏഴിനു മുംബൈ വ്യോമപാതയിലായിരുന്നു വന്‍ ദുരന്തത്തിലേക്കു വഴിയിട്ട സംഭവം. എതിര്‍ദിശയില്‍ പോകുന്ന രണ്ടുവിമാനങ്ങള്‍ ഒരേസമയം ഇത്രയടുത്തു വന്ന അപകടസമാനമായ സാഹചര്യം അടുത്തെങ്ങും ഇന്ത്യന്‍ വ്യോമപാതയില്‍ ഉണ്ടായിട്ടില്ല. സംഭവത്തില്‍ വിസ്റ്റാരയുടെ രണ്ടു പൈലറ്റുമാരോടും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) വിശദീകരണം തേടിയിട്ടുണ്ട്.
അതേസമയം, എയര്‍ ട്രാഫിക് കണ്‍ട്രോള്‍ (എ.ടി.സി) നിര്‍ദേശമനുസരിച്ചാണ് 27,000 അടിയില്‍ വിമാനം പറത്തിയതെന്നു വിസ്റ്റാര വൃത്തങ്ങള്‍ അറിയിച്ചു. ബുധനാഴ്ച രാത്രി എട്ടുമണിക്കുശേഷമാണു സംഭവം നടന്നത്. എയര്‍ ഇന്ത്യയുടെ എയര്‍ബസ് എ 319 മുംബൈയില്‍നിന്നു ഭോപ്പാലിലേക്ക് എഐ 631 എന്ന പേരില്‍ പറന്നപ്പോഴാണു സംഭവം. മറുഭാഗത്തു വിസ്റ്റാരയുടേത് എ 320 നിയോ, യുകെ 997 എന്ന പേരില്‍ ഡല്‍ഹിയില്‍നിന്നു പുണെയ്ക്കു പറക്കുകയായിരുന്നു. 152 യാത്രക്കാരാണു വിസ്റ്റാരയില്‍ ഉണ്ടായിരുന്നത്. 29,000 അടിയില്‍ പറക്കാനായിരുന്നു ഇവര്‍ക്കു നല്‍കിയിരുന്ന നിര്‍ദേശം.
എന്നാല്‍ പിന്നീട് യുകെ 997, 27,100 അടിയിലേക്കു താഴുകയായിരുന്നു. കേവലം 100 അടിയുടെ വ്യത്യാസം മാത്രമേ 2.8 കിലോമീറ്റര്‍ ദൂരത്തില്‍ ഇരു വിമാനങ്ങള്‍ തമ്മിലും ഉണ്ടായിരുന്നുള്ളൂ. ഉടന്‍തന്നെ ട്രാഫിക് കൊളിഷന്‍ അവോയ്ഡന്‍സ് സിസ്റ്റത്തിലെ (ടിസിഎഎസ്) അലാം മുഴങ്ങാന്‍ തുടങ്ങി. ഇരു വിമാനങ്ങളിലെ കോക്പിറ്റിലും മുന്നറിയിപ്പെത്തി. ഇതേത്തുടര്‍ന്നു പൈലറ്റുമാര്‍ ഇടപെട്ടു കൂട്ടിയിടി ഒഴിവാക്കുകയായിരുന്നു. 2.8 കിലോമീറ്ററെന്നതു സെക്കന്‍ഡുകള്‍ക്കുള്ളില്‍ എത്തുന്ന ദൂരമാണ്. അതുകൊണ്ടുതന്നെ വ്യോമയാന ചരിത്രത്തിലെ ഏറ്റവും ഗുരുതരമായ ദുരന്തമാണ് ഒഴിവായതെന്നും സംഭവത്തോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു.
Post a Comment
0 Comments