കാസര്‍കോട് (www.evisionnews.co): വിവിധ ആവശ്യങ്ങളുന്നയിച്ച് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തില്‍ ഏപ്രില്‍ മുന്നുമുതല്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ അമ്മമാര്‍ അനിശ്ചിതകാല രാപ്പകല്‍ പട്ടിണി സമരം നടത്തും. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരോടും അവരുടെ കുടുംബത്തോടും സര്‍ക്കാര്‍ കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ചാണ് അമ്മമാര്‍ സമരത്തിനൊരുങ്ങുന്നത്.
ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ നടന്ന പ്രത്യേക മെഡിക്കല്‍ ക്യാമ്പിലൂടെ വിദഗ്ദ പരിശോധന നടത്തി കണ്ടത്തിയ 1905 ദുരിതബാധിതരുടെ പട്ടികയില്‍ നിന്നും ഒടുവില്‍ ചില മുടന്തന്‍ ന്യായം പറഞ്ഞ് ഭൂരിഭാഗം കുട്ടികളെയും ഒഴിവാക്കി 287 ആയി ചുരക്കിയിരിക്കുകയാണ്. ജനുവരി പത്തിന് സുപ്രിംകോടതിയുടെ ഉത്തരവിലൂടെ ആവശ്യപ്പെട്ട അഞ്ചുലക്ഷം രൂപയും ആ ജീവനാന്ത ചികിത്സയും മുഴുവന്‍ ദുരിതബാധിതര്‍ക്ക് ഇനിയും നല്‍കാനും സര്‍ക്കാര്‍ തയാറായിട്ടില്ല. ഇക്കാരങ്ങള്‍ ചൂണ്ടിക്കാട്ടി 30ന് സെക്രട്ടറിയേറ്റ് പടിക്കല്‍ പ്രതിഷേധ സമരം നടത്തിയിരുന്നു.
പട്ടികയില്‍ നിന്നും പുറംതള്ളിയവരെ ഉള്‍പ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കുക, ആശ്വാസ തുക മുഴുവന്‍ ദുരിതബാധിതര്‍ക്കും ഉടന്‍ വിതരണം ചെയ്യുക, കടക്കെണിയില്‍ നിന്ന് ദുരിതബാധിതരെ സംരക്ഷിക്കുക, ശാസ്ത്രീയവും പ്രായോഗികവുമായ പുനരധിവാസം നടപ്പാക്കുക, നഷ്ട പരിഹാരത്തിനും കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനും ആവശ്യമായ സംവിധാനത്തോടെ കൂടിയ പ്രത്യേക ട്രൈബ്യൂണല്‍ സംവിധാനം ഏര്‍പ്പെടുത്തുക, 2013ലെ സര്‍ക്കാര്‍ ഉത്തരവു അനുസരിച്ച് റേഷന്‍ സംവിധാനം പുനസ്ഥാപിക്കുക, പെരിയ മഹാത്മാ ബഡ്‌സ് സ്‌കൂളിന് സമാനമായ സൗകര്യങ്ങളോട് കൂടി മറ്റുബഡ്‌സ് സ്‌കൂളുകളെയും മെച്ചപ്പെടുത്തുക, ഗോഡൗണുകളിലെ കെട്ടികിടക്കുന്ന എന്‍ഡോസള്‍ഫാന്‍ നീക്കം ചെയ്ത് നിര്‍വീര്യമാക്കുക, നെഞ്ചമ്പറമ്പിലെ കിണറ്റിലിട്ട എന്‍ഡോസര്‍ഫാന്‍ തിരിച്ചെടുത്ത് പരിശോധിക്കുക, കുടുംബത്തിലെ ഒരംഗീത്തിന് യോഗ്യത അനുസരിച്ച് ജോലി നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തുന്നത്.
യോഗത്തില്‍ മുനിസ അമ്പലത്തറ അധ്യക്ഷത വഹിച്ചു. കെ. കൊട്ടന്‍, ഗോവിന്ദന്‍ കയ്യൂര്‍, പ്രേമേന്ദ്രന്‍ ചോമ്പാല, സുബൈര്‍ പടുപ്പ്, ജമീല.എം.പി, കെ. അനസൂയ, പി. ഉഷ, ജഗദമ്മ, കെ. ചന്ദ്രാവതി, സുബൈദ മൗക്കോട്, ആന്റണി, ആയിഷ, അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍ സംസാരിച്ചു.
Post a Comment
0 Comments