മട്ടന്നൂര്‍ : ഷുഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസിനു മുന്നില്‍ കീഴടങ്ങിയവര്‍ക്ക് കേസുമായി യാതൊരു ബന്ധവുമില്ലെന്നു ഷുഹൈബിന്റെ പിതാവ് മുഹമ്മദ്. ഇവര്‍ക്ക് എടയന്നൂരുമായും ബന്ധമില്ലെന്നു മുഹമ്മദ് പറഞ്ഞു. യഥാര്‍ഥ പ്രതികളാണോ കസ്റ്റഡിയിലുള്ളതെന്നു സംശയമുണ്ട്. കേരള പൊലീസില്‍ വിശ്വാസമില്ലെന്നും സിബിഐ അന്വേഷണം വേണമെന്നും മുഹമ്മദ് ആവശ്യപ്പെട്ടു. കണ്ണൂരിലെ ഷുഹൈബ് വധക്കേസില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ ഇന്നു രാവിലെ പൊലീസിനു മുന്നില്‍ കീഴടങ്ങിയിരുന്നു. മുന്‍പ് ആര്‍എസ്എസ് പ്രവര്‍ത്തകനെയും വധിച്ച കേസില്‍ പ്രതികളായ ആകാശ് തില്ലങ്കേരിയും റിജിന്‍ രാജുമാണ് മാലൂര്‍ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. ഇവര്‍ ഉള്‍പ്പെടെ സിപിഎം ബന്ധമുള്ള അഞ്ചുപേരെ കസ്റ്റഡിയില്‍ ചോദ്യംചെയ്യവെയാണ് കീഴടങ്ങിയവര്‍ക്ക് കൊലപാതകവുമായി ബന്ധമില്ലെന്നു സംശയം പ്രകടിപ്പിച്ച് ഷുഹൈബിന്റെ പിതാവ് രംഗത്തെത്തിയത്. അതേസമയം, കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് വൈകിട്ടോടെ രേഖപ്പെടുത്തുമെന്നാണു സൂചന. കസ്റ്റഡിയിലുള്ളതു യഥാര്‍ഥ പ്രതികളാണോ എന്നു സംശയിക്കുന്നതായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.സുധാകരനും കണ്ണൂരില്‍ പറഞ്ഞു. സംഘര്‍ഷം വര്‍ധിച്ചിട്ടും സമാധാന യോഗം വിളിക്കാന്‍ മടിക്കുന്ന കണ്ണൂര്‍ കലക്ടറെയും അദ്ദേഹം വിമര്‍ശിച്ചു. ഷുഹൈബ് വധക്കേസ് പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് അദ്ദേഹം നാളെ കണ്ണൂരില്‍ നിരാഹാര സമരം തുടങ്ങാനിരിക്കുകയാണ്
Post a Comment
0 Comments