Type Here to Get Search Results !

Bottom Ad

ആലംപാടിയില്‍ സ്‌കൂള്‍ ഗ്രൗണ്ട് നശിപ്പിച്ച് വാട്ടര്‍ ഫൗണ്ടേഷന്‍ നിര്‍മിക്കാന്‍ നീക്കം: മന്ത്രിക്ക് പരാതി നല്‍കി


ആലംപാടി (www.evisionnews.co): അശാസ്ത്രീയവും ചട്ടവിരുദ്ധവുമായ രീതിയില്‍ സ്‌കൂള്‍ ഗ്രൗണ്ട് നശിപ്പിച്ച് വാട്ടര്‍ ഫൗണ്ടേഷന്‍ നിര്‍മിക്കാനുള്ള ആലംപാടി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പി.ടി.എയുടെ നടപടിക്കെതിരെ അറ്റ്‌ലസ് സ്റ്റാര്‍ ആലംപാടിയുടെ നേതൃത്വത്തില്‍ വിദ്യാഭ്യാസ മന്ത്രി, ജില്ലാ കലക്ടര്‍, ജില്ലാ വിദ്യാഭ്യാസ ഡയറക്ടര്‍ എന്നിവര്‍ക്ക് നിവേദനം നല്‍കി. 

കായിക രംഗത്തുവളരെ പിന്നോക്കം നില്‍ക്കുന്ന സ്‌കൂളിന് അടുത്തകാലത്തായി ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മിച്ച ഗ്രൗണ്ട് ഹരിതകേരളം പദ്ധതിയുടെ മറവില്‍ നശിപ്പിക്കാനുള്ള നീക്കം ദുരുദ്ദേശ്യപരമാണ്. ഇതുമായി ബന്ധപ്പെട്ട് സ്‌കൂള്‍ അധികൃതരെ സമീപിച്ചിരുന്നെങ്കിലും സ്വകാര്യ സ്‌കൂള്‍ മാനേജ്‌മെന്റ് പോലെ ധാര്‍ഷ്ട്യത്തോടെയാണ് പെരുമാറുന്നത്. 70 മീറ്റര്‍ നീളവും 28 മീറ്റര്‍ വീതിയുമുള്ള ഗ്രൗണ്ടാണ് നിലവിലുള്ളത്. അതുതന്നെ വിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശ പ്രകാരം കുട്ടികള്‍ക്ക് കായിക പരിശീലനങ്ങള്‍ മതിയാകാത്ത രൂപത്തിലാണ്. അതില്‍ നിന്ന് വീണ്ടും 25 മീറ്റര്‍ നഷ്ടപ്പെടുത്തി വാട്ടര്‍ ഫൗണ്ടേഷന്‍ നിര്‍മിക്കാനുള്ള തീരുമാനം കുട്ടികളോടുള്ള വെല്ലുവിളിയാണെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. 

സ്‌കൂള്‍ ഗ്രൗണ്ട് നശിപ്പിക്കാത്ത രീതിയില്‍ നിര്‍മാണം നടത്താനുള്ള സൗകര്യമുണ്ടായിട്ടും ഗ്രൗണ്ട് നശിപ്പിച്ച് കൊണ്ടുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഉചിതമായ തീരുമാനം അധികൃതരുടെ ഭാഗത്തുനിന്നുണ്ടായില്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകാനും പൂര്‍വ വിദ്യാര്‍ത്ഥികളും ക്ലബ് പ്രവര്‍ത്തകരും തീരുമാനിച്ചു. അലി പ്ലാസ, മുദസിര്‍, അന്‍സാര്‍, മുനീര്‍ ബദ്രിയ, ജാഫര്‍, റഷീദ്, മുസ്തഫ, ഇര്‍ഫാന്‍ സംബന്ധിച്ചു.




Post a Comment

0 Comments

Top Post Ad

Below Post Ad