Type Here to Get Search Results !

Bottom Ad

കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം കോണ്‍ഗ്രസിന് നല്‍കിയേക്കും


കാസര്‍കോട് (www.evisionnews.co): യു.ഡി.എഫ് മുന്നണി ധാരണയുടെ അടിസ്ഥാനത്തില്‍ കാസര്‍കോട് ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം കോണ്‍ഗ്രസിന് നല്‍കിയേക്കും. മേയ് മാസത്തോടെ അധികാരമാറ്റം നടത്താനാണ് ധാരണ. വയനാട് ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം കോണ്‍ഗ്രസ് മുസ്ലിം ലീഗിന് കൈമാറിയാല്‍ മാത്രമാകും കാസര്‍കോട് കൈമാറുക. വൈസ് പ്രസിഡണ്ട് സ്ഥാനം ലീഗിനും കൈമാറണം.

ശാന്തമ്മ ഫിലിപ്പിനെയും ഷാനവാസ് പാദൂരിനെയും കൂടാതെ ഹര്‍ഷാദ് വോര്‍ക്കാടി, പദ്മജ എന്നിവരാണ് കോണ്‍ഗ്രസില്‍നിന്നുമുള്ള അംഗങ്ങള്‍. ഹര്‍ഷാദും ഷാനവാസും നിലവില്‍ സ്ഥിരംസമിതി അധ്യക്ഷരാണ്. നിലവില്‍ എ വിഭാഗത്തിന് വൈസ് പ്രസിഡണ്ട് സ്ഥാനം നല്‍കിയതിനാല്‍ പ്രസിഡണ്ട് സ്ഥാനം ഐ വിഭാഗത്തില്‍നിന്നാകുമെന്നറിയുന്നു. ഇങ്ങനെ വന്നാല്‍ പാദൂര്‍ കുഞ്ഞാമു ഹാജിയുടെ മകനായ ഷാനവാസ് പാദൂര്‍ പ്രസിഡണ്ടാകും. മുസ്ലിം ലീഗ് സംസ്ഥാന ട്രഷററും മുതിര്‍ന്ന നേതാവുമായ ചെര്‍ക്കളം അബ്ദുള്ളയുടെ മകള്‍ മുംതാസ് സമീറ വൈസ് പ്രസിഡണ്ടുമാകാനാണ് സാധ്യത.

17അംഗ ജില്ലാ പഞ്ചായത്തില്‍ എട്ട് യു.ഡി.എഫ് അംഗങ്ങളുണ്ട്. ഇതില്‍ കോണ്‍ഗ്രസിനും മുസ്ലിം ലീഗിനും നാലംഗങ്ങള്‍ വീതമാണുള്ളത്. ഏഴുപേര്‍ എല്‍.ഡി.എഫും രണ്ടുപേര്‍ ബി.ജെ.പിയുമാണ്. കോണ്‍ഗ്രസിന് പ്രസിഡണ്ട് സ്ഥാനം ലഭിക്കുകയാണെങ്കില്‍ മുതിര്‍ന്ന അംഗമായിരുന്ന പാദൂര്‍ കുഞ്ഞാമു ഹാജിയെ പ്രസിഡണ്ടാക്കാനായിരുന്നു നേതാക്കള്‍ ആഗ്രഹിച്ചിരുന്നത്. എന്നാല്‍ വയനാട് ജില്ലാ പ്രസിഡണ്ട് സ്ഥാനം കോണ്‍ഗ്രസിന് നല്‍കിയതിനെ തുടര്‍ന്ന് കാസര്‍കോട് മുസ്ലിം ലീഗിന് നല്‍കുകയായിരുന്നു. ആദ്യ രണ്ടരവര്‍ഷം മുസ്ലിം ലീഗിനും പിന്നീടുള്ള രണ്ടരവര്‍ഷം കോണ്‍ഗ്രസിനും നല്‍കാനായിരുന്നു അന്നുണ്ടായ ധാരണ. ജില്ലയില്‍ കോണ്‍ഗ്രസിന് എം.എല്‍.എ പോലുമില്ലാത്ത സാഹചര്യത്തില്‍ തുടക്കത്തില്‍ തന്നെ പ്രസിഡണ്ട് സ്ഥാനം കോണ്‍ഗ്രസിന് ലഭിക്കണമെന്നാവശ്യപ്പെട്ടിരുന്നെങ്കിലും അവസാന നിമിഷം കെ.പി.സി.സി നിര്‍ദേശത്തിന് വഴങ്ങിയാണ് പ്രസിഡണ്ട് സ്ഥാനം വിട്ടുനല്‍കേണ്ടിവന്നത്. 

2015 നവംബറിലാണ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായി മുസ്ലിം ലീഗിലെ എ.ജി.സി ബഷീര്‍ ചുമതലയേറ്റത്. വൈസ് പ്രസിഡണ്ടായി കോണ്‍ഗ്രസ് എ. വിഭാഗത്തില്‍ നിന്നുള്ള ശാന്തമ്മ ഫിലിപ്പും ചുമതലയേറ്റു. 2016 ഏപ്രില്‍ 23-ന് പാദൂര്‍ കുഞ്ഞാമു ഹാജി അന്തരിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ക്ക് മുന്‍പാണ് കുഞ്ഞാമു ഹാജി മരിച്ചത്. ഉദുമയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്ന കെ.സുധാകരന്റെ തിരഞ്ഞെടുപ്പ് ചുക്കാന്‍പിടിച്ചിരുന്ന കുഞ്ഞാമു ഹാജിയുടെ വിയോഗം കോണ്‍ഗ്രസിന് കനത്ത നഷ്ടമായിരുന്നു. കുഞ്ഞാമു ഹാജിയുടെ മരണത്തെത്തുടര്‍ന്ന് യു.ഡി.എഫിന്റെ ശക്തികേന്ദ്രമായ ചെമ്മനാട് പഞ്ചായത്തില്‍നിന്ന് പ്രതീക്ഷിച്ച വോട്ട് സുധാകരന് നേടാന്‍ കഴിയാഞ്ഞതാണ് തോല്‍വിക്ക് ഇടയാക്കിയതും. 7500 വോട്ടെങ്കിലും യു.ഡി.എഫിന് ഭൂരിപക്ഷം ലഭിക്കുമെന്ന് യു.ഡി.എഫ്. കേന്ദ്രങ്ങള്‍ പ്രതീക്ഷിച്ചിരുന്ന ചെമ്മനാട് 5500 വോട്ടായി ഭൂരിപക്ഷം കുറഞ്ഞതാണ് സുധാകരന്റെ പരാജയത്തിനിടയാക്കിയത്. 

ജില്ലാ പഞ്ചായത്ത് അംഗമായിരുന്ന പാദൂര്‍ കുഞ്ഞാമു ഹാജിയുടെ മരണത്തെത്തുടര്‍ന്ന് 2016 ജൂലായ് 27-ന് നടന്ന ഉപതെരഞ്ഞെടുപ്പില്‍ പാദൂര്‍ കുഞ്ഞാമു ഹാജിയുടെ മകനായ ഷാനവാസ് വിജയിച്ചു. 2018 മേയില്‍ രണ്ടരവര്‍ഷം പൂര്‍ത്തിയാകും. 

Post a Comment

0 Comments

Top Post Ad

Below Post Ad