കോഴിക്കോട്: (www.evisionnews.co)ഗര്‍ഭിണിയെ മര്‍ദിച്ച കേസില്‍ സി.പി.എം നേതാവടക്കം ആറു പേരെ പോലീസ് അറസ്റ്റ് ചെയ്തു. കോടഞ്ചേരി കല്ലത്തറമേട് ബ്രാഞ്ച് സെക്രട്ടറി തെറ്റാലില്‍ തമ്പി റജീഷ്, സരസമ്മ ജോയി, സെയ്തലവി, ബിനോയ്, രഞ്ജിത്ത് എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. ജനുവരി 28 ന് രാത്രിയിലാണ് വേളംകോട് ലക്ഷംവീട് കോളനിയിലെ വീട്ടില്‍ക്കയറി യുവതിക്കും കുടുംബത്തിനും നേരെ ആക്രമണമുണ്ടായത്.
സിബി ചാക്കോയെയും ഭാര്യ ജ്യോത്സനയെയുമാണ് അയല്‍വാസിയും സി.പി.എം നേതാവും ചേര്‍ന്ന് മര്‍ദിച്ചത്. ഗര്‍ഭിണിയായ ജ്യോത്സനയുടെ വയറില്‍ അക്രമികള്‍ ചവിട്ടുകയും ഇതിനെ തുടര്‍ന്ന് ജ്യോത്സനയ്ക്ക് രക്ത സ്രാവമുണ്ടാവുകയും ചെയ്തു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചുവെങ്കിലും നാലു മാസം പ്രായമുളള ഗര്‍ഭസ്ഥ ശിശു മരിച്ചിരുന്നു.
സംഭവത്തില്‍ മുഴുവന്‍ പ്രതികളെയും പിടിക്കണമെന്നാവശ്യപ്പെട്ടു കോടഞ്ചേരി പോലീസ് സ്റ്റേഷനു മുന്നില്‍ തേനാംകുഴിയില്‍ സിബി ചാക്കോയും കുടുംബവും കുടില്‍കെട്ടി സമരം നടത്തിയിരുന്നു. അച്ഛനും അമ്മയ്ക്കുമൊപ്പം ഏഴ്, അഞ്ച്, മൂന്ന് വയസ്സുള്ള മൂന്നു കുട്ടികളും രാവിലെ പത്തു മുതല്‍ വൈകിട്ട് ആറു മണിവരെയാണ് സ്റ്റേഷനു മുന്നില്‍ സമരം നടത്തിയത്. വീട്ടില്‍നിന്നു കട്ടിലും പായയും തലയണയും കസേരയുമായി എത്തി പോലീസ് സ്റ്റേഷനു മുന്‍പില്‍ കുടില്‍ കെട്ടിയായിരുന്നു സമരം.
സിബിയുമായി നിലനിന്നിരുന്ന വസ്തു തര്‍ക്കമാണ് അക്രമണ കാരണമെന്ന് യുവതിയുടെ ബന്ധുക്കള്‍ പറഞ്ഞു. പോലീസില്‍ പരാതി നല്‍കിയിട്ടും സി.പി.എം നേതാവിനെ അറസ്റ്റ് ചെയ്യാന്‍ വൈകിക്കുന്നതില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.
സിബിയുടെ ഭാര്യയുടെ പരാതി പ്രകാരം അയല്‍വാസിയായ നക്ലിക്കാട്ട് കുടിയില്‍ പ്രജീഷ് ഗോപാലനെ (37) കോടഞ്ചേരി പോലീസ് പിടികൂടിയിരുന്നു. ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു.
Post a Comment
0 Comments