തിരുവനന്തപുരം: ജനങ്ങളെ വലച്ചു രണ്ടാംദിവസവും സ്വകാര്യ ബസ് സമരം. ഗ്രാമീണ മേഖലകള്‍ സ്തംഭിച്ചു. പൊതുഗതാഗതത്തെ ആശ്രയിക്കുന്ന സാധാരണക്കാരും വിദ്യാര്‍ഥികളുമാണു സമരത്തില്‍ ഏറെ പ്രയാസപ്പെടുന്നത്.
യാത്രാക്ലേശം കുറയ്ക്കാന്‍ കെഎസ്ആര്‍ടിസി കൂടുതല്‍ സര്‍വീസുകള്‍ നടത്തുന്നുണ്ട്. സര്‍വീസുകള്‍ അപര്യാപ്തമാണെന്നും കൂടുതല്‍ കെഎസ്ആര്‍ടിസി ബസുകള്‍ നിരത്തിലിറക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു. ചിലയിടങ്ങളില്‍ സ്വകാര്യവാഹനങ്ങളുടെ സൗജന്യസേവനം ആശ്വാസമാണ്. ചാര്‍ജ് വര്‍ധനയില്‍ നിലപാടു മയപ്പെടുത്തിയ ബസ് ഉടമകള്‍ വിദ്യാര്‍ഥികള്‍ക്കു മിനിമം ചാര്‍ജ് അഞ്ചു രൂപയാക്കണമെന്നതില്‍ ഉറച്ചുനില്‍ക്കുകയാണ്. 19 മുതല്‍ സെക്രട്ടേറിയറ്റിനുമുന്നില്‍ സമരം തുടങ്ങാനും ബസ് ഉടമകള്‍ തീരുമാനിച്ചിട്ടുണ്ട്. ആവശ്യങ്ങളുമായി സര്‍ക്കാരിനെ വീണ്ടും സമീപിക്കുമെന്ന് ഉടമകള്‍ അറിയിച്ചു. സര്‍ക്കാര്‍ ചര്‍ച്ചയ്ക്കു സന്നദ്ധത അറിയിച്ചിട്ടുണ്ടെങ്കിലും സമയം തീരുമാനിച്ചിട്ടില്ല. സ്വകാര്യ ബസ് ഉടമകളോട് ഇനി വിട്ടുവീഴ്ചയ്ക്കില്ലെന്നാണു സര്‍ക്കാരിന്റെ നിലപാട്. ചര്‍ച്ചയ്ക്കു തയാറാണെങ്കിലും നിരക്ക് ഇനിയും വര്‍ധിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നു കൂടിക്കാഴ്ചയ്‌ക്കെത്തിയ ബസ് ഓപ്പറേറ്റേഴ്‌സ് ഫോറം ഭാരവാഹികളോടു മന്ത്രി എ.കെ.ശശീന്ദ്രന്‍ വ്യക്തമാക്കി.
ഏഴു രൂപയില്‍ നിന്നു എട്ടു രൂപയാക്കി വര്‍ധിപ്പിച്ച മിനിമം നിരക്ക് 10 രൂപയാക്കുക, വിദ്യാര്‍ഥികളുടെ സൗജന്യനിരക്ക് അഞ്ചു രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സ്വകാര്യ ബസ് ഉടമകള്‍ സമരം തുടങ്ങിയത്. ഏകദേശം 13,000 സ്വകാര്യ ബസുകളാണു നിരത്തില്‍നിന്നു വിട്ടുനില്‍ക്കുന്നത്. അതേസമയം, കെഎസ്ആര്‍ടിസി ഇന്നലെ 219 പ്രത്യേക ബസുകള്‍ ഓടിച്ചു. സ്വകാര്യ ബസുകള്‍ ഏറെയുള്ള പ്രദേശങ്ങളിലേക്കു മറ്റു പാതകളിലെ ബസുകള്‍ മാറ്റിവിട്ടു. 1400 ട്രിപ്പുകള്‍ ഇങ്ങനെ സര്‍വീസ് നടത്തി. ആകെ 5542 ഷെഡ്യൂളുകള്‍ നിരത്തിലിറങ്ങി. യാത്രാക്ലേശം ഉണ്ടാകാന്‍ സാധ്യതയുള്ള മേഖലകള്‍ കണ്ടെത്താനും ബസുകള്‍ ഓടിക്കാനും പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Post a Comment
0 Comments