Type Here to Get Search Results !

Bottom Ad

ബേക്കല്‍ വില്ലേജ് ലൈഫ് എക്‌സ്പീരിയന്‍സ്' വന്‍വിജയം: ലോക ടൂറിസ്റ്റ് ഭൂപടത്തില്‍ ഇനി കാസര്‍കോടന്‍ ഗ്രാമങ്ങളും


ബേക്കല്‍ (www.evisionnews.co): അന്താരാഷ്ട്ര ടൂറിസ്റ്റ് കേന്ദ്രമായ ബേക്കലില്‍ ഉത്തരവാദിത്ത ടൂറിസം മിഷന്‍ നടപ്പിലാക്കുന്ന വില്ലേജ് ലൈഫ് എക്‌സ്പീരിയന്‍സ് പദ്ധതി വിജയത്തിലേക്ക്. ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ മാത്രം ഇരുപത്തഞ്ചോളം ഗ്രൂപ്പ് വിദേശ വിനോദ സഞ്ചാരികള്‍ എത്തിച്ചേര്‍ന്നു എന്നാണ് കണക്കുകള്‍ പറയുന്നത്. മുമ്പെങ്ങുമില്ലാത്ത വിധം ഉത്തരേന്ത്യന്‍ ടൂറിസ്റ്റുകളും ജില്ലയിലേക്ക് വന്നുചേരുന്നുണ്ട്. 

കേരളത്തില്‍ വിനോദ സഞ്ചാരികള്‍ പൊതുവേ കുറഞ്ഞ തോതില്‍ എത്തിച്ചേരുന്ന മേഖലയാണ് ഉത്തരമലബാര്‍. ആഹ്ളാദത്തിനും അഭിമാനത്തിനും വക നല്‍കി ടൂറിസ്റ്റ് ശ്രദ്ധാകേന്ദ്രമായി ഉത്തരമലബാര്‍ മാറുമ്പോള്‍ ടൂറിസം ഭൂപടത്തില്‍ കാസര്‍കോടിന്റെ സ്ഥാനവും സവിശേഷമായി അടയാളപ്പെടുകയാണ്. കാസര്‍കോട്ടെ ഉള്‍നാടന്‍ ഗ്രാമീണ ജീവിതത്തെ തെല്ലും കലര്‍പ്പില്ലാതെ സഞ്ചാരികള്‍ക്ക് അനുഭവവേദ്യമാക്കാനുള്ള ഉത്തരവാദിത്ത ടൂറിസം മിഷന്റെ ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ വിജയംകണ്ടിരിക്കുന്നു.കൃഷിപ്പാടങ്ങളിലെ ഉല്ലാസ നടത്തങ്ങളും കശുവണ്ടി സംസ്‌കരണ യൂണിറ്റ് സന്ദര്‍ശനങ്ങളും തെങ്ങുകയറ്റവും കള്ളു ചെത്തുമെല്ലാം ചേര്‍ന്ന സവിശേഷമായ 'കാസര്‍കോടന്‍ എക്‌സ്പീരിയന്‍സ്' സഞ്ചാരികള്‍ നന്നായി ആസ്വദിക്കുന്നു.

കടലില്‍ പോയി വലയെറിഞ്ഞുള്ള മീന്‍പിടിത്തവും ബേക്കല്‍ കോട്ട സന്ദര്‍ശനവും പാക്കേജിന്റെ ഭാഗമായുണ്ട്. മണ്‍പാത്ര നിര്‍മാണം, പനയോലനെയ്ത്ത്, തഴപ്പായ നെയ്ത്ത് തുടങ്ങി നാട്ടിന്‍പുറങ്ങളില്‍ മാത്രം കാണാനാവുന്ന കൈത്തൊഴിലുകള്‍ പരിചയപ്പെടാനും അതിലൊന്ന് കൈവെച്ചു നോക്കാനും താല്‍പര്യം പ്രകടിപ്പിക്കുന്നവരും ഏറെ. തെയ്യം നടക്കുന്ന ദിവസങ്ങളില്‍ എത്തിച്ചേരുന്നവരെ അത് നടക്കുന്ന തറവാടുകളില്‍ കൊണ്ടുപോകുന്നുണ്ട്. 

തെയ്യത്തിന്റെ സവിശേഷാനുഭവം പാക്കേജിനെ കൂടുതല്‍ ആകര്‍ഷണീയമാക്കുന്നു.നാട്ടിന്‍ പുറത്തെ ഇടവഴികളിലൂടെ നടക്കാനും ജലാശയങ്ങളിലൂടെ ചെറു വഞ്ചികളില്‍ സഞ്ചരിക്കാനും അവസരങ്ങളുണ്ട്. പൊതുവെ വലിയ വാഹനങ്ങള്‍ ഉപേക്ഷിച്ച്,ഓട്ടോറിക്ഷയില്‍ സഞ്ചരിക്കാനാണ് ടൂറിസ്റ്റുകള്‍ താല്പര്യം പ്രകടിപ്പിക്കുന്നത്.സഞ്ചാരികള്‍ക്ക് ഒരു സമ്പൂര്‍ണ 'എത്‌നിക് ' അനുഭവമാണ് ലഭ്യമാകുന്നത്. പള്ളിക്കര, വലിയ പറമ്പ, പടന്ന എന്നീ പഞ്ചായത്തുകളെ കേന്ദ്രീകരിച്ചാണ് ഉത്തരവാദിത്ത ടൂറിസം മിഷന്‍ ഈ പദ്ധതി നടപ്പാക്കിയിട്ടുള്ളത്. 

മാര്‍ച്ച് അവസാന വാരത്തോടെ ഹോം സ്റ്റേ, ഫാം സ്റ്റേ, റ്റെന്റ്റ് അക്കൊമൊഡേഷന്‍ എന്നിവ നടപ്പിലാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു വരുന്നു. ഇതോടൊപ്പം നെയ്ത്തുള്‍പ്പെടെയുള്ള നാടന്‍ കൈവേലകളുടെ പ്രചാരണ പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട്. ദൈവങ്ങളുടെ നാടായ കാസര്‍കോടിനെ അടുത്തറിയാനും അവിടത്തെ മനോഹരമായ ഗ്രാമീണ ജീവിത സ്പന്ദനങ്ങളെ ഹൃദയത്തിലേറ്റാനുമുള്ള അപൂര്‍വ്വമായ അവസരമാണ് ദൈവത്തിന്റെ സ്വന്തം നാട്ടിലേയ്ക്കുള്ള യാത്രയില്‍ ഓരോ സഞ്ചാരിക്കും കൈവന്നിരിക്കുന്നത്.

Post a Comment

0 Comments

Top Post Ad

Below Post Ad