തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാന്‍ കേരള സര്‍ക്കാര്‍ ആവശ്യപ്പെട്ടതായി കേന്ദ്ര ആഭ്യന്തര മന്ത്രി കിരണ്‍ റിജിജു. കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം പരിശോധിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ വര്‍ഷം ജനുവരിയില്‍ മധ്യപ്രദേശിലെ തേകന്‍പൂരില്‍ നടന്ന ഡി.ജി.പിമാരുടെ യോഗത്തില്‍ കേരള ഡി.ജി.പി ലോക്നാഥ് ബെഹ്റ ഈ വിഷയം മുന്നോട്ടുവെച്ചിരുന്നെന്നാണ് കിരണ്‍ റിജിജു പറഞ്ഞത്. കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനങ്ങളും വളര്‍ച്ചയുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ യോഗത്തില്‍ അദ്ദേഹം അവതരിപ്പിച്ചിരുന്നെന്നും കിരണ്‍ റിജിജു പറയുന്നു.
പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതുമായി ബന്ധപ്പെട്ട് നാലു കേസുകളാണ് ബെഹ്റ ലിസ്റ്റ് ചെയ്തെന്നാണ് ആഭ്യന്തര മന്ത്രാലയത്തിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് 'ദ ഹിന്ദു' റിപ്പോര്‍ട്ടു ചെയ്യുന്നത്. പോപ്പുലര്‍ ഫ്രണ്ടിനെ നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിക്കുന്നതിനു മുമ്പ് കൂടുതല്‍ തെളിവുകള്‍ കേന്ദ്രം ശേഖരിക്കുമെന്നും ഈ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ചില സാങ്കേതിക നടപടികള്‍ ഉള്ളതിനാല്‍ ഏപ്രിലിനു മുമ്പ് നിരോധനം വരാന്‍ സാധ്യതയില്ലെന്നാണ് മറ്റൊരു ഉദ്യോഗസ്ഥന്‍ പറഞ്ഞതെന്ന് ഹിന്ദു റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്റലിജന്‍സ് ബ്യൂറോയാണ് ഡി.ജി.പി മാരുടെ യോഗം സംഘടിപ്പിച്ചത്. ആഭ്യന്തര സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് യോഗത്തില്‍ ചര്‍ച്ചയായത്.
കഴിഞ്ഞവര്‍ഷം നാലു കേസുകള്‍ പരാമര്‍ശിച്ച് പോപ്പുലര്‍ ഫ്രണ്ടിനെതിരെ ദേശീയ അന്വേഷണ ഏജന്‍സി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കൂടാതെ ഇസ്ലാമിലേക്കുള്ള മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട ഒമ്പതു കേസുകള്‍ പരിശോധിച്ചതില്‍ നാലു കേസുകളില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ പങ്ക് സ്ഥാപിക്കപ്പെട്ടതാണെന്നും എന്‍.ഐ.എ പറയുന്നു
Post a Comment
0 Comments