Type Here to Get Search Results !

Bottom Ad

ഗര്‍ഭിണിക്ക് ബസ്സിൽ സീറ്റ് നൽകാത്തത് ചോദ്യം ചെയ്ത ഗൃഹനാഥന് ക്രൂരമർദ്ദനം


കണ്ണൂര്‍:(www.evisionnews.co)ഗര്‍ഭിണിക്ക് ബസ്സിൽ  സീറ്റ് നൽകാത്തത് ചോദ്യം ചെയ്ത ഗൃഹനാഥന്  ക്രൂരമർദ്ദനം. മര്‍ദിച്ച ശേഷം  ബസില്‍ നിന്നും താഴേക്ക്  തള്ളിയിടുകയും ചെയ്തു.തലയ്ക്ക് പരിക്കേറ്റ് അബോധാവസ്ഥയിലായ ഇദ്ദേഹത്തെ പരിയാരം മെഡിക്കല്‍ കോളജിലെ ന്യൂറോ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. കടലായി കാഞ്ഞിരയിലെ പാണ്ഡ്യാല വളപ്പില്‍ പിവി രാജനെയാണ് (50) അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.ഗര്‍ഭിണായായ സ്ത്രീക്ക് ബസില്‍ സീറ്റൊഴിഞ്ഞ് കൊടുക്കാന്‍ ആവശ്യപ്പെട്ടതിന് ഗൃഹനാഥനെ.

തിങ്കളാഴ്ച വൈകുന്നേരം കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറിലാണ് സംഭവം. കൂലിപ്പണിക്കാരനായ രാജന്‍ ഭാര്യ സവിതയോടൊപ്പം വാരത്തെ ഒരു മരണവീട്ടില്‍ പോയി തിരികെ വീട്ടിലേക്ക് പോകാനായി സ്വകാര്യ ബസില്‍ കയറിയതായിരുന്നു. അതിനിടെയാണ് താലൂക്ക് സ്റ്റോപ്പില്‍ നിന്ന് ഗര്‍ഭിണിയായ സ്ത്രീ ബസില്‍ കയറിയത്.

ഗര്‍ഭിണിയായ സ്ത്രീക്ക് സീറ്റൊഴിഞ്ഞു കൊടുക്കാന്‍ ഇരുന്ന് യാത്ര ചെയ്യുകയായിരുന്ന രണ്ട് പെണ്‍കുട്ടികളോട് രാജന്‍ ആവശ്യപ്പെട്ടതായിരുന്നു പ്രശ്നങ്ങള്‍ക്ക് തുടക്കം. രാജന്‍ പെണ്‍കുട്ടികളോട് സീറ്റൊഴിഞ്ഞു കൊടുക്കാനാവശ്യപ്പെട്ടതിനെ പിറകിലിരുന്ന ഒരു യുവാവും മറ്റ് രണ്ടുപേരും ചോദ്യം ചെയ്യുകയും രാജനെ ആക്രമിക്കുകയുമായിരുന്നുവെന്ന് ഭാര്യ സവിത പറഞ്ഞു.

പ്ലാസ ജംഗ്ഷനിലേക്ക് ടിക്കറ്റെടുത്തിരുന്നുവെങ്കിലും കുഴപ്പം വേണ്ടെന്ന് പറഞ്ഞ് ഭാര്യ ബസ് സ്റ്റേഡിയം കോര്‍ണറിലെത്തിയപ്പോള്‍ രാജനെയും വിളിച്ച്‌ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടയില്‍ അക്രമികള്‍ രാജനെ ബസില്‍ നിന്ന് തള്ളി താഴെയിടുകയും റോഡില്‍ വീണ ഇദ്ദേഹത്തെ ബസില്‍ നിന്നിറങ്ങി മര്‍ദ്ദിക്കുകയും ചെയ്തുവെന്നാണ് പരാതി.

നടപ്പാതയിലെ സ്ലാബില്‍ തലയിടിച്ച്‌ വീണ് ബോധം നഷ്ടപ്പെട്ട രാജനെ പരിസരത്തുള്ളവര്‍ ഓട്ടോയില്‍ കണ്ണൂര്‍ മാധവറാവുസിന്ധ്യ ആശുപത്രിയിലും അവിടെ നിന്ന് എകെജി ആശുപത്രിയിലും പിന്നീട് കൊയിലി ആശുപത്രിയിലും എത്തിക്കുകയായിരുന്നു.

കൊയിലിയില്‍ വെച്ച്‌ നടത്തിയ സ്കാനിംഗില്‍ തലച്ചോറില്‍ രക്തം കട്ടപിടിച്ചതായി കണ്ട് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരമാണ് രാത്രിയില്‍ പരിയാരം മെഡിക്കല്‍ കോളജ് ന്യൂറോ ഐസിയുവില്‍ പ്രവേശിപ്പിച്ചത്. ഇതുവരെ ബോധം തിരിച്ചു കിട്ടിയിട്ടില്ലാത്ത രാജന്റെ സ്ഥിതി ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ഇതു സംബന്ധിച്ച്‌ ഇന്ന് രേഖാമൂലം പോലീസില്‍ പരാതി നല്‍കുമെന്ന് രാജന്റെ മകന്‍ സജേഷ് പറഞ്ഞു.


Tags

Post a Comment

0 Comments

Top Post Ad

Below Post Ad