കാസര്‍കോട് (www.evisionnews.co): പ്രണയം നിരസിച്ച വിദ്യാര്‍ത്ഥിനിയെ കര്‍ണാടക സുള്ള്യയില്‍ കോളജിനടുത്ത് കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതം. മുള്ളേരിയ കാറഡുക്ക ശാന്തിനഗറിലെ രാധാകൃഷണ ഭട്ടിന്റെ മകള്‍ അക്ഷത (19) യാണ് ചൊവ്വാഴ്ച വൈകിട്ടോടെ സുള്ള്യ കാര്‍ സ്ട്രീറ്റ് നഗറില്‍ ചിന്നകേശവ ക്ഷേത്രത്തിനടുത്ത് സഹപാഠിയുടെ കുത്തേറ്റ് മരിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് ഇതേ കോളജിലെ രണ്ടാംവര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയായ കാര്‍ത്തിക് (23) പോലീസ് കസ്റ്റഡിയിലാണ്. കോളജ്വിട്ട് താമസ സ്ഥലത്തേക്ക് മടങ്ങാനായി ബസ് കാത്തിരുപ്പ് കേന്ദ്രത്തിലേക്ക് നടന്നുപോകുന്നതിനിടയില്‍ പിറകില്‍ നിന്ന് വന്ന കാര്‍ത്തിക് അക്ഷതയുടെ വയറിന് കുത്തുകയായിരുന്നു. കുത്തേറ്റുവീണ അക്ഷതയെ ആദ്യം സുള്ള്യയിലെ കെ.വി.ജി മെഡിക്കല്‍ കോളജിലേക്ക് മാറ്റിയെങ്കിലും നില ഗുരുതരമായതിനെ തുടര്‍ന്ന് മംഗലാപുരത്തെ ആസ്പത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരിക്കുകയായിരുന്നു.
നേരത്തെ തന്നെ പ്രണയാഭ്യാര്‍ത്ഥനയുമായി കാര്‍ത്തിക് അക്ഷതയെ സമീപിച്ചിരുന്നു. എന്നാല്‍ നിരസിക്കുകയും ശല്യം തുടര്‍ന്നാല്‍ പ്രിന്‍സിപ്പലിന് പരാതി നല്‍കുമെന്ന് അക്ഷത മുന്നറിയിപ്പും നല്‍കുകയും ചെയ്തിരുന്നു. ഇതില്‍ പ്രകോപിതനായാണ് അക്ഷതയെ വകവരുത്തിയതെന്നാണ് പോലീസ് പറയുന്നത്. ഏഴ് തവണയാണ് പെണ്‍കുട്ടിയെ കാര്‍ത്തിക് തലങ്ങും വിലങ്ങും കുത്തിയത്. അക്ഷതയുടെ മൃതശരീരത്തില്‍ ഏഴ് മാരകമുറിവുകളാണ് കണ്ടെത്തിയത്. പെണ്‍കുട്ടിയെ കുത്തിയ ശേഷം കാര്‍ത്തിക് സ്വന്തം കൈത്തണ്ട മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഇതോടെ ആളുകള്‍ കാര്‍ത്തികിനെ തടയുകയും പോലീസില്‍ വിവരമറിയിക്കുകയുമായിരുന്നു. കോളജില്‍ നിന്നും നേരത്തെ ഇറങ്ങിയതിനാല്‍ വിദ്യാര്‍ത്ഥിയായി ഒരു കുട്ടി മാത്രമെ ബസ് സ്റ്റോപ്പില്‍ ഉണ്ടായിരുന്നുള്ളൂ.
ടി.വി വാര്‍ത്തയിലൂടെയായിരുന്നു അക്ഷതയുടെ ബന്ധുക്കള്‍ കൊലപാതക വിവരമറിയുന്നത്. ഇതോടെ വാഹനം ഏര്‍പ്പെടുത്തി സുള്ള്യയിലേക്ക് പോവുകയായിരുന്നു. മുള്ളേരിയ ടൗണില്‍ പഴം വ്യാപാരം നടത്തുന്ന രാധാകൃഷ്ണന്റെ മകളാണ്. ദേവകിയാണ് മാതാവ്. ഏകസഹോദരി അനൂഷ.
Post a Comment
0 Comments