കണ്ണൂര്‍: (www.evisionnews.co)ഇന്റന്‍സീവ് വേക്കന്‍സി ക്യാമ്പയിന്റെ ഭാഗമായി ജില്ലകളിലെ പ്രധാന സര്‍ക്കാര്‍ ഓഫീസുകളില്‍ അഡ്മിനിസ്‌ട്രേറ്റീവ് വിജിലന്‍സ് സെല്‍ പരിശോധന നടത്തി. ഒഴിവുകള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുന്നുവെന്ന് ഉറപ്പാക്കുന്നതിനും ഇതിനുള്ള നടപടികള്‍ വേഗത്തിലാക്കുന്നതിനുമായാണ് സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക നിര്‍ദേശ പ്രകാരം എല്ലാ ജില്ലകളിലും വിജിലന്‍സ് സെല്‍ നേരിട്ട് പരിശോധന നടത്തുന്നത്. ഉദ്യോഗസ്ഥ ഭരണ പരിഷ്‌ക്കാര വകുപ്പിന് കീഴിലുള്ളതാണ് അഡ്മിനിസ്‌ട്രേറ്റീവ് വിജിലന്‍സ് സെല്‍. അഡീഷണല്‍ സെക്രട്ടറി മോഹന്‍ലാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചൊവ്വാഴ്ച കണ്ണൂര്‍ ജില്ലയില്‍ പരിശോധനക്ക് എത്തിയത്. ജില്ലയിലെ പ്രധാനപ്പെട്ട 41 ഓഫീസുകളിലാണ് സംഘം രണ്ട് ദിവസമായി പരിശോധന നടത്തുക. പ്രധാനമായും എല്‍ഡിസി, ഓഫീസ് അസിസ്റ്റന്റ്, ഡ്രൈവര്‍ തസ്തികകളിലെ ഒഴിവുകള്‍ കൃത്യമായി എല്ലാ ഓഫീസുകളില്‍ നിന്നും പിഎസ്‌സിക്ക് റിപ്പോര്‍ട്ട് ചെയ്തുവോ എന്നാണ് പരിശോധിക്കുന്നത്. ഇതുസംബന്ധിച്ച ഫയലുകള്‍ സംഘം നേരിട്ട് പരിശോധിച്ച് വിലയിരുത്തും. മറ്റ് തസ്തികകളിലെ ഒഴിവുകള്‍ സംബന്ധിച്ചും പൊതുവായ പരിശോധന നടത്തുന്നുണ്ട്. സംഘം ബുധനാഴ്ചയും ജില്ലയിലെ ഓഫീസുകളില്‍ പരിശോധന തുടരും. സംസ്ഥാനത്താകെ ഇങ്ങനെ ആറ് പ്രത്യേക സംഘങ്ങളെയാണ് പരിശോധനക്കായി നിയോഗിച്ചിട്ടുള്ളത്. നിയമനങ്ങള്‍ സംബന്ധിച്ച് ലഭിക്കുന്ന മറ്റ് പരാതികളും അഡ്മിനിസ്‌ട്രേറ്റീവ് വിജിലന്‍സ് സെല്‍ അന്വേഷിക്കും. മുഖ്യമന്ത്രിക്കാണ് വിജിലന്‍സ് സെല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുക
Post a Comment
0 Comments