കാസര്‍കോട്: (www.evisionnews.co)കബഡിയുടെ ഈറ്റില്ലമായ ഉദുമയില്‍ ആവേശം വിതറി വിഎന്‍എ ഇന്‍ഡസ്ട്രിയല്‍ നാഷനല്‍ കബഡി ചാമ്പ്യന്‍ഷിപ്പിന് കളിക്കളമൊരുങ്ങി. അമച്വര്‍ കബഡി ഫെഡറേഷന്‍ ഓഫ് ഇന്ത്യ, കേരള കബഡി അസോസിയേഷന്‍, കാസര്‍കോട് കബഡി അസോസിയേഷന്‍, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഉദുമ യൂണിറ്റ്, നാസ്‌ക് നാലാംവാതുക്കല്‍, ഏവീസ് ഗ്രൂപ്പ് ഉദുമ എന്നിവര്‍ ചേര്‍ന്നാണ് 26 ടീമുകള്‍ പങ്കെടുക്കുന്ന മത്സരങ്ങള്‍ക്ക് ഉദുമ പള്ളത്ത് വേദി ഒരുങ്ങുന്നത്. ഈമാസം 18 മുതല്‍ 21 വരെ നടക്കുന്ന ചാമ്പ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ പുരോഗമിച്ചുവരികയാണെന്ന് സംഘാടക സമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
മത്സരം നടക്കുന്ന കോര്‍ട്ടുകളുടെ മുകളില്‍ മേല്‍ക്കൂര സ്ഥാപിച്ചുകഴിഞ്ഞു. രണ്ടുകോര്‍ട്ടും 6000 കാണികള്‍ക്ക് ഇരിക്കാവുന്ന ഗാലറിയും പൂര്‍ത്തിയായിട്ടുണ്ട്. മണ്ണിട്ട് നിരപ്പാക്കിയ സ്ഥലത്ത് കാര്‍പ്പെറ്റ് വിരിച്ച് അതിന് മുകളില്‍ സിന്തറ്റിക് കോര്‍ട്ടുണ്ടാക്കുന്നതിനുള്ള സാധനങ്ങള്‍ ഉത്തരേന്ത്യയില്‍ നിന്ന് നേരത്തെ തന്നെ എത്തിച്ചിട്ടുണ്ട്.
നിലവില്‍ 26 ടീമുകള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കാമെന്ന് സമ്മതിച്ചിട്ടുണ്ട്. ഇവയെല്ലാം ദേശീയ ശ്രദ്ധനേടിയ പ്രഫഷനല്‍ ടീമുകളാണെന്നത് മത്സരങ്ങളുടെ മാറ്റുകൂട്ടുന്നു. എയര്‍ ഇന്ത്യ, എച്ച്.എ.എല്‍ ബംഗളൂരു, ഭാരത് പെട്രോളിയം, ഒ.എന്‍.ജി.സി, ഇന്ത്യന്‍ ആര്‍മി, റെയില്‍വേ, മഹേന്ദ്ര ആന്റ് മഹേന്ദ്ര, ഇന്ത്യന്‍ നേവി, മൈസൂര്‍ ബാങ്ക്, വിജയ ബാങ്ക്, സ്റ്റേറ്റ് ബാങ്ക്, സി.ഐ. എസ്.എഫ്, ഐ.ടി.ബി. പി, ബി.എസ്.എഫ്, സി.ആര്‍.പി.എഫ്, പോസ്റ്റല്‍ ടീം, ബി.എസ്.എന്‍.എല്‍, ഡല്‍ഹി പൊലീസ്, കസ്റ്റംസ്, യു.പി പൊലീസ് തുടങ്ങിയ ടീമുകള്‍ മാറ്റുരയ്ക്കുമ്പോള്‍ കളത്തില്‍ തീപാറുമെന്നാണ് സംഘാടകരുടെയും കളി പ്രേമികളുടെയും പ്രതീക്ഷ. 390ലധികം കളിക്കാര്‍ പങ്കെടുക്കുന്ന മത്സരത്തില്‍ നിന്നും ഇന്ത്യന്‍ ടീമിലേക്കുള്ള കളിക്കാരെയും തെരഞ്ഞെടുക്കും.
18ന് വൈകിട്ട് നാലുമണിക്ക് നടക്കുന്ന മാര്‍ച്ച് പാസ്റ്റില്‍ കേന്ദ്ര മന്ത്രി ഡി.വി സദാനന്ദ ഗൗഡ സല്യൂട്ട് സ്വീകരിക്കും. കേരള, ജില്ലാ കബഡി അസോസിയേഷന്‍ പ്രസിഡണ്ടുമാരായ സുധീര്‍കുമാര്‍ മഞ്ചേശ്വരം, പ്രവീണ്‍ രാജ് ഉദുമ എന്നിവര്‍ സംസ്ഥാന-ജില്ലാ പതാകകള്‍ ഉയര്‍ത്തും. അമേച്വര്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ജനറല്‍ സെക്രട്ടറി ദിനേശ് പട്ടേല്‍ ഇന്ത്യന്‍ ഫെഡറേഷന്‍ പതാക ഉയര്‍ത്തും. കബഡി ചാമ്പ്യന്‍ഷിപ്പ് കേന്ദ്ര മന്ത്രി ഡി.വി സദാനന്ദ ഗൗഡ ഉദ്ഘാടനം ചെയ്യും. ഇന്റര്‍നാഷണല്‍ കബഡി ഫെഡറേഷന്‍ സ്ഥാപക പ്രസിഡണ്ട് ജനാര്‍ദ്ദന സിംഗ് ഗലോട്ട് മുഖ്യാതിഥിയായിരിക്കും. കെ. കുഞ്ഞിരാമന്‍ എം.എല്‍.എ അധ്യക്ഷനാകും. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡണ്ട് കെ. അഹമ്മദ് ഷരീഫ് സ്വാഗതം പറയും. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.എ മുഹമ്മദലി, കാസര്‍കോട് സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡണ്ട് എന്‍.എ സുലൈമാന്‍ പങ്കെടുക്കും.
19 ന് വൈകിട്ട് നാലുമണിക്ക് നടക്കുന്ന മത്സരം പി.ബി അബ്ദുല്‍ റസാഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍ അധ്യക്ഷനാകും. സംഘാടക സമിതി വര്‍ക്കിംഗ് ചെയര്‍മാന്‍ കെവീസ് ബാലകൃഷ്ണന്‍ സ്വാഗതം പറയും. ജില്ലാ പോലീസ് മേധാവി കെ.ജി സൈമണ്‍ മുഖ്യാതിഥിയാകും. 20ന് ജില്ലാ കലക്ടര്‍ കെ. ജീവന്‍ ബാബു ഉദ്ഘാടനം ചെയ്യും. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം. ഗൗരി അധ്യക്ഷയാകും. നാസ്‌ക് ഉദുമ പ്രസിഡണ്ട് ഡോ. കെ.എ അഹമ്മദ് ഫയാസ് സ്വാഗതം പറയും. 21ന് നാലുമണിക്ക് കര്‍ണാടക ഫുഡ് ആന്റ് പബ്ലിക് ഡിസ്ട്രിബ്യൂഷന്‍ വകുപ്പ് മന്ത്രി യു.ടി ഖാദര്‍ ഉദ്ഘാടനം ചെയ്യും. എം. രാജഗോപാല്‍ എം.എല്‍.എ അധ്യക്ഷനാകും. കേരള കബഡി അസോ. ജനറല്‍ സെക്രട്ടറി വിജയകുമാര്‍ സ്വാഗതം പറയും.
മത്സരങ്ങള്‍ക്കു ശേഷം ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് സ്വകാര്യ ബസ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കളി കാണാനെത്തുന്നവരുടെ സൗകര്യാര്‍ത്ഥം കെ.എസ്.ആര്‍.ടി.സി ബസുകള്‍ കൂടി അനുവദിക്കണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ടവര്‍ക്ക് കത്തു നല്‍കിയിട്ടുണ്ട്. പത്രസമ്മേളനത്തില്‍ ടൂര്‍ണമെന്റ് കമ്മിറ്റി ചെയര്‍മാന്‍ കെ. അഹമ്മദ് ഷരീഫ്, വര്‍ക്കിംഗ് ചെയര്‍മാന്‍ കേവീസ് ബാലകൃഷ്ണന്‍, ജനറല്‍ കണ്‍വീനര്‍ എ.വി ഹരിഹരസുതന്‍, ബാലു ഏവീസ്, ഋഷി ചന്ദ്രന്‍ ഏവീസ്, മുഹമ്മദ് യാസര്‍ നാലാംവാതുക്കല്‍, എം.ബി അബ്ദുല്‍ കരീം നാലാം വാതുക്കല്‍, കേരള കബഡി അസോസിയേഷന്‍ പ്രസിഡണ്ട് സുധീര്‍കുമാര്‍ മഞ്ചേശ്വരം, കാസര്‍കോട് കബഡി അസോ. പ്രസിഡണ്ട് പ്രവീണ്‍ രാജ് ഉദുമ, സുരേഷ് ബാബു കുതിരക്കോട്, കോരന്‍ ഏവീസ്, ടൂര്‍ണമെന്റ് ട്രഷറര്‍ അഷ്റഫ് മൊട്ടയില്‍ പങ്കെടുത്തു.
Post a Comment
0 Comments