ക്വീന്‍സ്റ്റണ്‍: റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന എല്ലാ ഇന്ത്യക്കാര്‍ക്കും വിലപിടിപ്പുള്ളൊരു സമ്മാനവുമായി ഇന്ത്യന്‍ അണ്ടര്‍ 19 ക്രിക്കറ്റ് ടീം. ന്യൂസീലന്‍ഡില്‍ നടക്കുന്ന അണ്ടര്‍ 19 ലോകകപ്പില്‍ ബംഗ്ലദേശിനെ 131 റണ്‍സിന് തകര്‍ത്ത് ഇന്ത്യയുടെ ചുണക്കുട്ടികള്‍ സെമിയിലെത്തി. ബാറ്റിങ്ങിലെ അപ്രതീക്ഷിത പാകപ്പിഴയ്ക്ക് ബോളിങ്ങിലും ഫീല്‍ഡിങ്ങിലും പരിഹാരം ചെയ്താണ് ഇന്ത്യയുടെ സെമി പ്രവേശം. ബദ്ധവൈരികളായ പാക്കിസ്ഥാനാണ് സെമിയില്‍ ഇന്ത്യയുടെ എതിരാളി.
ആദ്യം ബാറ്റു ചെയ്ത ഇന്ത്യ നാലു പന്തുകള്‍ ബാക്കി നില്‍ക്കെ 265 റണ്‍സിന് പുറത്തായപ്പോള്‍, ബംഗ്ലദേശിന്റെ മറുപടി 42.1 ഓവറില്‍ 134 റണ്‍സില്‍ അവസാനിച്ചു. അര്‍ധസെഞ്ചുറിയോടെ ബാറ്റിങ്ങിലും രണ്ട് വിക്കറ്റ് വീഴ്ത്തി ബോളിങ്ങിലും മിന്നും താരമായി മാറിയ അഭിഷേക് ശര്‍മയുടെ ഓള്‍റൗണ്ട് മികവാണ് ഇന്ത്യയ്ക്ക് അനായാസ ജയം സമ്മാനിച്ചത്. അര്‍ധസെഞ്ചുറി നേടിയ ശുഭ്മാന്‍ ഗില്‍ (94 പന്തില്‍ 86) ബാറ്റിങ്ങിലും മൂന്നു വിക്കറ്റുമായി കലേഷ് നാഗര്‍കോട്ടി, രണ്ടു വിക്കറ്റ് വീഴ്ത്തിയ ശിവം മാവി എന്നിവര്‍ ബോളിങ്ങിലും അഭിഷേക് ശര്‍മയ്‌ക്കൊപ്പം ടീമിന്റെ വിജയശില്‍പികളായി.
Post a Comment
0 Comments