തിരുവനന്തപുരം (www.evisionnews.co): സംസ്ഥാനത്തെ അംഗീകാരമില്ലാത്ത 6500 അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനം. ഇതുസംബന്ധിച്ചു മാനേജ്മെന്റുകള്‍ക്കു നോട്ടീസ് നല്‍കി. തീരുമാനം 2017-18 അധ്യയനവര്‍ഷം മുതല്‍ നടപ്പാക്കണമെന്നാണു നോട്ടീസിലെ നിര്‍ദേശം. കേന്ദ്ര വിദ്യാഭ്യാസ അവകാശനിയമം പൂര്‍ണമായി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് അംഗീകാരമില്ലാത്ത അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ അടച്ചുപൂട്ടുന്നത്. അംഗീകാരമില്ലാത്ത സ്‌കൂളുകളുടെ ജില്ല തിരിച്ചുള്ള കണക്ക് ഡി.ഇ.ഒമാര്‍ ശേഖരിച്ചതിനേത്തുടര്‍ന്നാണ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ സ്‌കൂള്‍ മാനേജ്മെന്റുകള്‍ക്കു നോട്ടീസ് നല്‍കിയത്.
2009ലെ കേന്ദ്ര വിദ്യാഭ്യാസാവകാശനിയമം, അതിനുശേഷമുള്ള സര്‍ക്കാര്‍ ഉത്തരവുകള്‍, ബാലാവകാശ സംരക്ഷണ കമ്മിഷന്റെ ഉത്തരവ് എന്നിവ നോട്ടീസില്‍ സൂചിപ്പിച്ചിട്ടുണ്ട്. അംഗീകാരമില്ലാത്ത സ്‌കൂളുകള്‍ നിര്‍ത്തലാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം നടപ്പാക്കാന്‍ ബാലാവകാശ കമ്മിഷന്‍ നിര്‍ദേശിച്ചിരുന്നു. സ്‌കൂളിന് അംഗീകാരമുണ്ടെങ്കില്‍ രേഖാമൂലം അറിയിക്കണമെന്നും അല്ലെങ്കില്‍ 2017-18 അധ്യയനവര്‍ഷം മുതല്‍ നിര്‍ത്തലാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം നടപ്പാക്കണമെന്നുമാണു നോട്ടീസിലെ നിര്‍ദേശം.
നിര്‍ദേശം അവഗണിച്ച് സ്‌കൂള്‍ പ്രവര്‍ത്തിപ്പിച്ചാല്‍ മാനേജര്‍ ക്രിമിനല്‍ കേസില്‍ പ്രതിയാകും.
അംഗീകാരമില്ലാതെ സ്‌കൂള്‍ നടത്തിയാല്‍ ക്രിമിനല്‍ കേസെടുക്കാനും പിഴ ഈടാക്കാനും കേന്ദ്ര വിദ്യാഭ്യാസാവകാശനിയമത്തില്‍ വ്യവസ്ഥയുണ്ട്. കേരള വിദ്യാഭ്യാസച്ചട്ടത്തിലും (കെ.ഇ.ആര്‍) അംഗീകാരമില്ലാത്ത സ്‌കൂളുകളുടെ പ്രവര്‍ത്തനം തടയാന്‍ വ്യവസ്ഥയുണ്ട്. എന്നാല്‍ സര്‍ക്കാര്‍ അതു കര്‍ശനമായി നടപ്പാക്കിയിരുന്നില്ല. കെ.ഇ.ആര്‍. പ്രകാരം പുതിയ സ്‌കൂള്‍ തുടങ്ങണമെങ്കില്‍ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ സ്ഥലം സന്ദര്‍ശിച്ച്, സമീപം പൊതുവിദ്യാലയങ്ങളില്ലെന്നു ബോധ്യപ്പെടണം. ഈ വ്യവസ്ഥകള്‍ പാലിക്കാതെയാണു സി.ബി.എസ്.ഇ. സിലബസില്‍ 90ശതമാനം സ്‌കൂളുകളും തുടങ്ങിയത്. 2010-ല്‍ കേന്ദ്ര വിദ്യാഭ്യാസനിയമം സംസ്ഥാനത്ത് നടപ്പാക്കാന്‍ തുടങ്ങിയതോടെയാണ് അംഗീകാരമില്ലാത്ത സ്‌കൂളുകളുടെ കാര്യത്തില്‍ ആശയക്കുഴപ്പമായത്.
Post a Comment
0 Comments