കാസര്‍കോട് (www.evisionnews.co): ഹൈസ്‌കൂള്‍ അറബിക് ഉദ്യോഗാര്‍ത്ഥികളോടുള്ള പി.എസ്.സിയുടെ വിവേചനം അവസാനിപ്പിക്കണമെന്ന് കേരളാ അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ കാസര്‍കോട് സബ്ജില്ലാ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കെ.എ.ടി.എഫ് സംസ്ഥാന സമ്മേളന സബ് ജില്ലാതല പ്രചാരണ കണ്‍വെന്‍ഷന്‍ സംസ്ഥാന സെക്രട്ടറി മൂസക്കുട്ടി ഉദ്ഘാടനം ചെയ്തു.
സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഹൈസ്‌കൂള്‍ പാര്‍ട്ട് ടൈം അപേക്ഷ നല്‍കിയവര്‍ക്ക് യോഗ്യതയായി നേരത്തെ നിഷ്‌കര്‍ഷിച്ചിരുന്ന ഡി.എല്‍.എഡ് പരിഗണിക്കാന്‍ ആവില്ല എന്നറിയിച്ച് പി.എസ്.സി കത്തയച്ച സംഭവം പുനഃപരിശോധിക്കണം. നിലവില്‍ പ്രിന്‍സിപ്പല്‍ തസ്തികയില്‍ വരെ ജോലി നോക്കുന്ന അധ്യാപകരുടെ യോഗ്യത ഇതാണെന്നിരിക്കെയാണ് പിഎസ്സിയ്യുടെ വിവേചനം, ഇതൊരു തരത്തിലും അംഗീകരിക്കാന്‍ ആവില്ല.
കെഇആറിലും പി എസ് സി വിജ്ഞാപനത്തിലും യോഗ്യതയായി പരാമര്‍ശിച്ച എല്‍ടിടിസി തന്നെയാണ് ഡിഎല്‍എഡ് എന്നും 2006-07ല്‍ ഇത് പുനര്‍ നാമകരണം ചെയ്തതാണെന്നും യോഗം ചൂണ്ടിക്കാട്ടി. ഇത് സംബന്ധിച്ച് 2009 ലും 2017 ലും ഉത്തരവുകള്‍ ഇറങ്ങിയിട്ടും പി.എസ്.സി അറബിക് ഉദ്യോഗാര്‍ത്ഥികളോട് കാണിക്കുന്ന വിവേചനം കാരണം അര്‍ഹതപ്പെട്ട നിരവധി ഉദ്യോഗാര്‍ത്ഥികളുടെ അവസരമാണ് നഷ്ടമാകുന്നത്. അടിയന്തിരമായി പി.എസ്.സി നിലപാട് തിരുത്തണമെന്നും അല്ലാത്ത പക്ഷം കെ.എ.ടി.എഫ് സമരരംഗത്തിറങ്ങുമെന്നും യോഗം മുന്നറിയിപ്പു നല്‍കി. ഫെബ്രുവരി 8,9,10 തീയതികളില്‍ എറണാകുളത്ത് നടക്കുന്ന സംസ്ഥാന സമ്മേളനം വിജയിപ്പിക്കാന്‍ സബ്ജില്ലാ കമ്മിറ്റി തീരുമാനിച്ചു. നൗഫല്‍ ചെര്‍ക്കള, അബ്ദുല്‍ ഗഫൂര്‍ നെല്ലിക്കുന്ന്, ഹഫീസ് പാടി, ഇബ്രാഹിം, അലി അക്ബര്‍ സംസാരിച്ചു.
Post a Comment
0 Comments