Type Here to Get Search Results !

Bottom Ad

തൃപ്പൂണിത്തുറ കവര്‍ച്ച: മൂന്ന് പേര്‍ പിടിയില്‍

കൊച്ചി: (www.evisionnews.co)കേരളത്തെയാകെ ഞെട്ടിച്ച തൃപ്പൂണിത്തുറ കവര്‍ച്ചയുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അര്‍ഷാദ്, ഷെഹ്സാദ്, റോണി എന്നിവരെയാണ് പൊലീസ് പിടികൂടിയത്. പ്രതികളില്‍ നിന്നും കവര്‍ച്ച ചെയ്ത ആഭരണങ്ങള്‍ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. പ്രതികള്‍ക്കായി ഉത്തരേന്ത്യയില്‍ ആകെ നടത്തിയ പരിശോധനയില്‍ ഡല്‍ഹിയില്‍ നിന്നുമാണ് പ്രതികള്‍ പിടിയിലായത്. കേരള- ഡല്‍ഹി പൊലീസിന്റെ സംയുക്ത ഓപ്പറേഷനിലാണ് ഇവര്‍ പിടിയിലാവുന്നത്. പ്രതികളെ ഞായറാഴ്ച കേരളത്തിലേക്ക് കൊണ്ടുവരുമെന്ന് പൊലീസ് അറിയിച്ചു.

കഴിഞ്ഞ മാസമാണ് തൃപ്പൂണിത്തുറ ഏരൂരില്‍ ആനന്ദകുമാറിന്റെ വീട്ടില്‍ അഞ്ചു പേരെ കെട്ടിയിട്ട ശേഷമാണ് 50 പവന്‍ സ്വണാഭരണങ്ങളും 20, 000 രൂപയും കവര്‍ന്നത്. വീടിന്റെ മുന്‍ഭാഗത്തെ ജനല്‍ച്ചില്ല് തകര്‍ത്ത്  കമ്പികൾ
ഇളക്കി മാറ്റിയാണ് സംഘം അകത്തു കടന്നത്. ആനന്ദകുമാറിന് (49 ) പുറമെ അമ്മ സ്വര്‍ണമ്മ (72), ഭാര്യ ഷാരി (46 ) മക്കള്‍ ദീപക്, രൂപക് എന്നിവരും വീട്ടിലുണ്ടായിരുന്നു. തടയാന്‍ നോക്കിയ ആനന്ദകുമാറിന്റെ തലയ്ക്കടിച്ചു പരിക്കേല്‍പ്പിക്കുകയും വായില്‍ തുണി തിരുകുകയും ചെയ്തായിരുന്നു കവര്‍ച്ച. 

സ്വര്‍ണവും പണവും കൂടാതെ നാലു മൊബൈല്‍ ഫോണുകള്‍, ലാപ്ടോപ്, എ.ടി.എം, ക്രെഡിറ്റ് കാര്‍ഡുകള്‍ എന്നിവയും കവര്‍ച്ചക്കാര്‍ കൊണ്ടുപോയി. മൂന്നു മണിക്കൂറോളം സംഘം വീടിനുള്ളില്‍ തങ്ങി. കവര്‍ച്ചക്കാര്‍ പോയ ശേഷം ഇളയമകനായ രൂപക് സ്വയം കെട്ടഴിച്ചു പുറത്തെത്തി ഒച്ചവച്ചു സമീപവാസികളെ വിവരമറിയിക്കുകയായിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad