റാസല്‍ഖൈമ റാസല്‍ഖൈമയിലുണ്ടായ വാഹനാപകടത്തില്‍ രണ്ടു മലയാളികള്‍ മരിച്ചു. തിരുവനന്തപുരം സ്വദേശി അതുല്‍ ഗോപന്‍, എറണാകുളം സ്വദേശി അര്‍ജുന്‍.വി. തമ്പി എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ ഇടുക്കി കുമളി സ്വദേശി ബിനുവിനെ റാസല്‍ഖൈമ സഖര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ രാത്രി ഇവര്‍ സഞ്ചരിച്ച വാഹനം മറിഞ്ഞാണ് അപകടമുണ്ടായത്. റാസല്‍ഖൈമയിലെ റാക് ഹോട്ടല്‍ ജീവനക്കാരാണ് അപകടത്തില്‍പെട്ടത്. കാര്‍ അമിത വേഗതയില്‍ ആയിരുന്നുവെന്നും നിയന്ത്രണം വിട്ട വാഹനം നിരവധി തവണ തലകീഴായി മറിഞ്ഞുവെന്നും പൊലീസ് പറഞ്ഞു. രാവിലെയാണ് അപകട വിവരം അറിഞ്ഞതെന്ന് മാമുറ പൊലീസ് സ്റ്റേഷന്‍ ചീഫ് ലഫ് കേണല്‍ വലീദ് മുഹമ്മദ് ഖാന്‍ഫസ് അറിയിച്ചു. ഉടന്‍ തന്നെ ട്രാഫിക് പട്രോള്‍ വാഹനവും ആംബുലന്‍സും മെഡിക്കല്‍ സംഘവും സ്ഥലത്തേക്ക് തിരിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി.
റാസല്‍ഖൈമ പാലത്തിന്റെ ഭാഗത്തുനിന്നും വരികയായിരുന്ന ഡ്രൈവര്‍ക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായി. തുടര്‍ന്ന് വാഹനം കറങ്ങുകയും തലകീഴായി നിരവധി തവണ മറിയുകയും ചെയ്തു. ഒടുവില്‍ റോഡിന്റെ വലതുവശത്താണ് കാര്‍ നിന്നതെന്നും പൊലീസ് അധികൃതര്‍ വ്യക്തമാക്കി. പരുക്കേറ്റവരെയും മരിച്ചവരെയും ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റിയെന്നും പൊലീസ് പറഞ്ഞു.
Post a Comment
0 Comments