Type Here to Get Search Results !

Bottom Ad

അഴുകിയ നിലയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം; കൊലപാതകമെന്ന് തെളിഞ്ഞു


ബദിയടുക്ക:(www.evisionnews.co)പെര്‍ള കാട്ടുകുക്കെയില്‍ യുവാവിന്റെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. യുവാവിനെ തലയ്ക്കടിച്ച്‌ കൊലപ്പെടുത്തിയതെന്നാണ് പോസ്റ്റുമോര്‍ട്ടം നടത്തിയ പോലീസ് സര്‍ജന്‍ പോലീസിന് വിവരം നല്‍കിയിരിക്കുന്നത്. കൊലപാതകമാണെന്ന സംശയത്തെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജിലെ പോലീസ് സര്‍ജന്‍ ഡോ. ഗോപാലകൃഷ്ണ പിള്ള കഴിഞ്ഞ ദിവസം സംഭവസ്ഥലം സന്ദര്‍ശിച്ചിരുന്നു. 

തലയുടെ പിന്‍ഭാഗത്തുണ്ടായ ഇടിയില്‍ തലയോട്ടി തകര്‍ന്നിരുന്നു. ഇതാണ് കൊലപാതകമാണെന്ന് ഉറപ്പിക്കാന്‍ കാരണമായത്. യുവാവ് ശക്തമായി വീണതു കൊണ്ടാണോ മരണം ഉണ്ടായതെന്ന് മനസിലാക്കാനാണ് പോലീസ് സര്‍ജന്‍ സംഭവസ്ഥലം സന്ദര്‍ശിച്ചത്. എന്നാല്‍ അവിടെ അങ്ങനെയുള്ള ഒരു സാഹചര്യവും കണ്ടെത്താനായില്ല. മൃതദേഹത്തിന്റെ സമീപത്ത് കല്ല് കണ്ടെത്തിയിരുന്നുവെങ്കിലും കല്ലു കൊണ്ടുള്ള ഇടിയിലല്ല തലയുടെ പിന്‍ഭാഗത്ത് പൊട്ടലുണ്ടായതെന്ന് പോലീസ് സര്‍ജന്‍ വ്യക്തമാക്കി. 

ഇതോടെയാണ് മറ്റെവിടെയെങ്കിലും കൊല ചെയ്ത ശേഷം മൃതദേഹം കാട്ടുകുക്കെയില്‍ കൊണ്ടുവന്നിട്ടതെന്ന സംശയം ബലപ്പെട്ടത്. മൃതദേഹത്തിന്റെ കഴുത്തില്‍ ഉറുക്കുകെട്ടിയ ചരട് കണ്ടെത്തിയിട്ടുണ്ട്. മലയാളികള്‍ കഴുത്തില്‍ ഉറക്കുകെട്ടാറില്ലെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. അതുകൊണ്ടു തന്നെ കൊല്ലപ്പെട്ടയാള്‍ തമിഴ്നാട് സ്വദേശിയാണെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം നടത്തുന്നത്. മൃതദേഹത്തിന് 15 ദിവസത്തെയെങ്കിലും പഴക്കമുണ്ടായിരുന്നു. ശരീരഭാഗങ്ങള്‍ അഴുകി ദ്രവിച്ചിരുന്നു. വെയിലേറ്റ് ഉണങ്ങിയ നിലയിലായിരുന്നു മൃതദേഹം.

വലതു വശത്തേക്കാണ് മുണ്ടുടുത്തിരുന്നത്. മൃതദേഹത്തില്‍ ടീ ഷര്‍ട്ടുമുണ്ടായിരുന്നു. കാസര്‍കോട് ജില്ലയില്‍ നിന്നോ സുള്ള്യ, മടിക്കേരി ഉള്‍പെടെയുള്ള കര്‍ണാടകയുടെ വിവിധ ഭാഗങ്ങളില്‍ നിന്നോ മിസ്സിംഗ് കേസ് റിപോര്‍ട്ട് ചെയ്തിട്ടുണ്ടോ എന്ന് പോലീസ് പരിശോധിച്ചിരുന്നുവെങ്കിലും അത്തരം കേസുകളൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. വിദ്യാനഗര്‍ സി ഐ ബാബു പെരിങ്ങേത്താണ് കേസ് അന്വേഷിക്കുന്നത്.

Post a Comment

0 Comments

Top Post Ad

Below Post Ad