തിരുവനന്തപുരം (www.evisionnews.co): മുഖ്യമന്ത്രി നടത്തിയ ആകാശ യാത്രയുടെ പണം പാര്‍ട്ടി നല്‍കില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മുഖ്യമന്ത്രിയുടെ വിരട്ടലിനെ തുടര്‍ന്നാണ് പാര്‍ട്ടിയുടെ നിലപാട് മാറ്റം. ഓഖി ഫണ്ടില്‍ നിന്നു ഹെലിക്കോപ്ടര്‍ വാടക നല്‍കിയത് വിവാദമായതിനു പിന്നാലെ വാടക പാര്‍ട്ടി നല്‍കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രനും കോടിയേരി ബാലകൃഷണനും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പാര്‍ട്ടി സെക്രട്ടറിയുടെയും മന്ത്രിയുടെയും പ്രതികരണം മുഖ്യമന്ത്രിയെ ചൊടിപ്പിച്ചു. ഇതിനെതിരെ തന്റെ നിലപാട് ഇടുക്കി സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കുകയും ചെയ്തു.
തന്നോട് ആലോചിക്കാതെ പാര്‍ട്ടി സെക്രട്ടറിയും മന്ത്രിയും നിലപാടെടുത്തത് എന്തിനെന്നായിരുന്നു മുഖ്യമന്ത്രിയുടെ ചോദ്യം. വാടക പാര്‍ട്ടി നല്‍കുമെന്ന് പാര്‍ട്ടി സെക്രട്ടറിക്കു മുമ്‌ബേ പ്രഖ്യാപിച്ചത് മന്ത്രി കടകംപള്ളി സുരേന്ദ്രനായിരുന്നു. ഇതിന്റെ ചുവട് പിടിച്ചായിരുന്നു കോടിയേരിയുടെ പ്രതികരണം. ആരോട് ചോദിച്ചിട്ടാണ് പ്രസ്താവന നടത്തുന്നതെന്ന് ചോദിച്ച മുഖ്യമന്ത്രി മന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ചു. വാടക പാര്‍ട്ടി നല്‍കിയാല്‍ തെറ്റ് ചെയ്‌തെന്ന് സമൂഹം വിലയിരുത്തും. അതിനാല്‍ തീരുമാനം തിരുത്താന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഇതനുസരിച്ചാണ് വാടക പാര്‍ട്ടി നല്‍കേണ്ടതില്ലെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചത്. യാത്രയ്ക്കു ചെലവായ പണം പൊതുഭരണവകുപ്പില്‍ നിന്ന് നല്‍കാനും സെക്രട്ടേറിയറ്റ് യോഗം സര്‍ക്കാരിനു നിര്‍ദേശം നല്‍കി.
വാടക വിവാദത്തില്‍ റവന്യൂ മന്ത്രിയുടെ ഓഫീസ് മൗനം പാലിച്ചു. മന്ത്രി അറിയാതെ റവന്യൂ സെക്രട്ടറി പി.എച്ച് കുര്യന്‍ ഇറക്കിയ ഉത്തരവിനെക്കുറിച്ച് വിശദീകരണം തേടുമെന്ന് അറിയിച്ചിരുന്നെങ്കിലും അതേക്കുറിച്ചും മിണ്ടാട്ടമില്ല.
Post a Comment
0 Comments