Type Here to Get Search Results !

Bottom Ad

പിണറായിക്ക് സുപ്രീംകോടതി നോട്ടീസ്


ന്യൂഡല്‍ഹി: ലാവ്ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് സുപ്രീംകോടതിയുടെ നോട്ടിസ്. കേരള ഹൈക്കോടതി കുറ്റവിമുക്തരാക്കിയ മറ്റ് രണ്ടുപേര്‍ക്കും നോട്ടിസ് അയക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചു. മറ്റ് മൂന്ന് പ്രതികള്‍ വിചാരണ നേരിടണമെന്ന ഉത്തരവ് സ്റ്റേ ചെയ്തു. ലാവ്ലിന്‍ കേസില്‍ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധിക്കെതിരെ സിബിഐ നല്‍കിയ അപ്പീലാണ് കോടതി പരിഗണിച്ചത്. കേസില്‍ പിണറായിക്കെതിരെ വ്യക്തമായ തെളിവുകളുണ്ടെന്ന് അപ്പീലില്‍ പറയുന്നു.  2017 ഓഗസ്റ്റ് 23നാണ് പിണറായി വിജയന്‍, മുന്‍ ഊര്‍ജ സെക്രട്ടറി കെ.മോഹനചന്ദ്രന്‍, മുന്‍ ഊര്‍ജ ജോയിന്റ് സെക്രട്ടറി എ.ഫ്രാന്‍സിസ് എന്നിവരെ കേരള ഹൈക്കോടതി കുറ്റവിമുക്തരാക്കിയത്. കെഎസ്ഇബി മുന്‍ ചെയര്‍മാന്‍ ആര്‍.ശിവദാസന്‍, മുന്‍ ചീഫ് അക്കൗണ്ട്‌സ് ഓഫിസര്‍ കെ.ജി.രാജശേഖരന്‍ നായര്‍, മുന്‍ ചീഫ് എന്‍ജിനീയര്‍ കസ്തൂരിരംഗ അയ്യര്‍ എന്നിവര്‍ വിചാരണ നേരിടണമെന്നും ഉത്തരവിട്ടിരുന്നു. വൈദ്യുതി മന്ത്രി ആയിരുന്ന പിണറായി വിജയന്‍ അറിയാതെ ലാവ്ലിന്‍ ഇടപാടു നടക്കില്ലെന്ന് അപ്പീലില്‍ സിബിഐ ചൂണ്ടിക്കാട്ടി. 
മന്ത്രിതലത്തില്‍ രാഷ്ട്രീയമായ തീരുമാനമെടുക്കാതെ ഉദ്യോഗസ്ഥര്‍ക്ക് ഇത്തരമൊരു വിഷയത്തില്‍ നടപടിയെടുക്കാനാവില്ല. സംസ്ഥാനത്തിനു 374 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയ തീരുമാനമാണിത്. വിചാരണയ്ക്കു മുന്‍പേ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധി ശരിയല്ലെന്നും അപ്പീലില്‍ പറയുന്നു. ഹൈക്കോടതി വിധിക്കെതിരെ പ്രതികളായ കെ.ജി.രാജശേഖരന്‍ നായര്‍, ആര്‍.ശിവദാസന്‍, കസ്തൂരിരംഗ അയ്യര്‍ എന്നിവരും കെപിസിസി മുന്‍ അധ്യക്ഷന്‍ വി.എം.സുധീരനും നല്‍കിയ അപ്പീലുകളും പരിഗണനയ്ക്കു വന്നു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad