തൃക്കരിപ്പൂര്‍ (www.evisionnews.co): വൈദ്യഷാപ്പില്‍ നിന്നും ജീവനക്കാരിയെ കബളിപ്പിച്ച് ബൈക്കിലെത്തിയ യുവാവ് പണം തട്ടിയെടുത്ത് മുങ്ങി. തൃക്കരിപ്പൂര്‍ വ്യാപാര ഭവന് സമീപത്തെ വി. ബാലകൃഷ്ണന്‍ വൈദ്യരുടെ ഉടമസ്ഥതയിലുള്ള ധന്വന്തരി സദനം ആയുര്‍വ്വേദ ഔഷദശാലയിലാണ് പട്ടാപ്പകല്‍ തട്ടിപ്പ് അരങ്ങേറിയത്. എണ്ണായിരം രൂപയാണ് ജീവനക്കാരിയില്‍ നിന്നും പരിചയമില്ലാത്ത ഒരു യുവാവ് അടിച്ചുമാറ്റിയത്.
വൈദ്യരെ അന്വേഷിച്ച് കടയിലെത്തി കാശ് തരാന്‍ എല്‍പിച്ചിട്ടുണ്ടോ എന്ന് ജിവനാക്കാരിയോട് ചോദിക്കുകയും ഇല്ലെന്ന് പറഞ്ഞതോടെ വൈദ്യരുടെ ഫോണിന്റെ അവസാന മൂന്നുനമ്പര്‍ പറഞ്ഞുകൊണ്ട് വൈദ്യരെ വിളിക്കുന്നതായി അഭിനയിക്കുകയുമായിരുന്നു. ഞാന്‍ ഇവിടെ വന്നിട്ടുണ്ടെന്നും തരാനുള്ള കാശ് അത്യാവശ്യമായി വേണമെന്നും അതോടൊപ്പം വിവിധ കാര്യങ്ങള്‍ സംസാരിക്കുകയും ചെയ്തു. ഇതിനിടയില്‍ വലിപ്പില്‍ എത്രകാശുണ്ടെന്ന് ചോദിക്കുകയും എണ്ണായിരം ഉണ്ടെന്നു പറഞ്ഞതോടെ കാശ് ഞാന്‍ വാങ്ങിക്കൊട്ടെയെന്ന് അയാള്‍ തന്നെ ഫോണില്‍ പറയുകയും ചെയ്തു.
സുഹൃത്താണെന്ന് വിചാരിച്ച് ജീവനക്കാരി മേശവലിപ്പിലുണ്ടായിരുന്ന എണ്ണായിരം രൂപ ഇയാള്‍ക്ക് നല്‍കുകയും ചെയ്തു. കാശ് കൈപ്പറ്റിയതോടെ വിരുതന്‍ ബൈക്കില്‍ തടിതപ്പുകയായിരുന്നു. അല്‍പസമയത്തിന് ശേഷം കടയിലെത്തിയ ബാലകൃഷ്ണന്‍ വൈദ്യരോട് കാശ് കൊടുത്ത കാര്യം ജീവനക്കാരി പറഞ്ഞപ്പോഴാണ് അമളി പറ്റിയതായി അറിഞ്ഞത്. സമാനസ്വഭാവമുള്ള സംഭവം ചെറുവത്തൂര്‍, ഉദുമ, പയ്യന്നൂര്‍, ചെറുവത്തൂര്‍ എന്നിവിടങ്ങളിലും അരങ്ങേറിയിരുന്നതായി വിവരമുണ്ട്. തട്ടിപ്പിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭ്യമായിട്ടുണ്ട്. ചന്തേര പൊലീസില്‍ പരാതി നല്‍കി. നേരത്തെ മാങ്ങാട്, മഞ്ചേശ്വരം എന്നിവിടങ്ങളിലും സമാനരീതിയിലുള്ള സംഭവങ്ങള്‍ അരങ്ങേറിയിട്ടുണ്ട്.
Post a Comment
0 Comments