ചെറുവത്തൂർ;(www.evisionnews.co)പടന്നമുണ്ട്യക്ഷേത്രത്തിൽ കുടുബത്തിന് കമ്മറ്റിക്കാരിൽ നിന്നും ജാതീയാധിക്ഷേപം നേരിടേണ്ടി വന്നതായി പരാതി.ക്ഷേത്രത്തിലെ കളിയാട്ട മഹോത്സവത്തിൽ സമാപന ദിനം തുലാഭാരനേർച്ച നടത്തുന്നതിനായി എത്തിയ പടന്ന വടക്കേപ്പുറത്തെ പുലയസമുദായത്തിൽപ്പെട്ട കെ.എം ഗണേശന്റെ കുംബത്തെ ജാതിയുടെ പേര് പറഞ്ഞ് ദേവസ്വം ഭാരവാഹികൾ അപമാനിച്ച് തിരിച്ചയച്ചു എന്നാണ് പരാതി. പടന്നമുണ്ട്യാ ദേവസ്ഥാനത്ത് വെച്ച് മരുമകളെയും കുഞ്ഞിനേയും തുലാഭാരം തൂക്കുക എന്നത് ഗണേശന്റെ കുടുംബം മൂന്ന് വർഷം മുമ്പ് നേർന്ന നേർച്ചയായിരുന്നു. അതിനായാണ് കളിയാട്ടത്തിന്റെ സമാപന ദിനം രസീത് മുറിക്കുന്നതിനായി കമ്മിറ്റി ഓഫീസിൽ ചെന്നത്. എന്നാൽ ദേവസ്വം കമ്മിറ്റി ഭാരവാഹികൾ പുലയന്മാരെ ഈ ദേവസ്ഥാനത്ത് വെച്ച് തുലാഭാരം തൂക്കണമെങ്കിൽ പ്രശ്നം വെച്ച് ദേവഹിതം അറിയണമെന്നും അതിന് ശേഷം മാത്രമേ തുലാഭാരം തൂക്കുവാൻ അനുവദിക്കുകയുള്ളൂവെന്നും അറിയിക്കുകയായിരുന്നു.ഇതോടെ അപമാനം സഹിക്കാൻ കഴിയാതെ ഗണേശനും കുടംബവും കണ്ണീരോടെ അവിടെ നിന്ന് തിരികെ വരികയാണ് ഉണ്ടായത്.ഡിസംബർ 31 , 2018 ജനുവരി 1 ,2 ,3 , തീയ്യതികളിലായി പടന്നമുണ്ട്യ ക്ഷേത്രത്തിൽ കളിയാട്ട മഹോത്സവം നടന്നത്.
സംഭവത്തിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്.പട്ടിക ജാതിക്കാരുടെ ഇടയിൽ നിന്നടക്കം പൊതുപിരിവ് നടത്തിയാണ് ക്ഷേത്രത്തിലെ പരിപാടികൾ നടത്തുന്നതെന്നും,എന്നാൽ ആചാരങ്ങളിൽ മനപ്പൂർവം ജാതീയത കലർത്തുകയാണെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും, സംഭവത്തിൽ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ദളിത് സംഘടനകൾ അറിയിച്ചു. ഈ ക്ഷേത്രത്തിൽ നിന്നും നേരത്തെയും പലർക്കും ജാതീയമായ വേർതിരിവ് അനുഭവിക്കേണ്ടി വന്നതായും ആരോപണമുണ്ട്.കാലങ്ങൾക്ക് മുൻപ് സമൂഹത്തിൽ നിന്ന് തുടച്ച് നീക്കിയ നീചമായ ആചാരങ്ങൾ തിരികെ കൊണ്ടുവരാനുള്ള ഗൂഢ ശ്രമങ്ങൾക്കെതിരെ നാനാദിക്കിൽ നിന്നും ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. പട്ടികജാതി-പട്ടികവർഗ്ഗ ദേശീയ മനുഷ്യാവകാശ കമ്മീഷനും,സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും ,എസ് എം എസിലും, മന്ത്രിമാർക്കും പരാതി നൽകുവാനുള്ള ഒരുക്കത്തിലാണ് കുടുബവും ദളിത് സംഘടനകളും.
Post a Comment
0 Comments