Type Here to Get Search Results !

Bottom Ad

ഓഖി ദുരന്തം;പൊന്നാനി താലൂക്കിലെ തീരപ്രദേശത്തുള്ള 123 കുടുംബങ്ങളെ പുനരധിവസിപ്പിക്കും

മുറ്റം കടന്നാൽ... ഏതുസമയത്തും കടലെടുക്കാറായ വെളിയങ്കോട് തണ്ണിത്തുറയിലെ വീടുകളിലൊന്ന്.വെളിയങ്കോട് :(www.evisionnews.co) ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പൊന്നാനി താലൂക്കിലെ തീരപ്രദേശത്തുള്ള 123 കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനുള്ള പദ്ധതി തയാറാക്കുന്നു. മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ സുരക്ഷയ്ക്ക് കേന്ദ്രസർക്കാർ പച്ചക്കൊടി കാട്ടിയതോടെയാണ് പൊന്നാനി ഹാർബർ മുതൽ പാലപ്പെട്ടി കാപ്പിരിക്കാട് വരെയുള്ള കുടുംബങ്ങളെ സുരക്ഷിതമായ സ്ഥലത്തേക്കു മാറ്റുന്നതിന് ഫിഷറീസ്, റവന്യു അധികൃതർ നടപടികൾ ആരംഭിച്ചത്. 


വെളിയങ്കോട്, പെരുമ്പടപ്പ് പഞ്ചായത്തുകളിലായി 40 കുടുംബങ്ങളെയും പൊന്നാനി നഗരസഭയിൽനിന്ന് 83 കുടുംബങ്ങളെയുമാണ് ആദ്യഘട്ടത്തിൽ കടലോരത്തുനിന്നു മാറ്റിത്താമസിപ്പിക്കുക. ഓരോ കുടുംബത്തിനും നിശ്ചയിച്ച സ്ഥലത്ത് 550 ചതുരശ്രയടി വീടും മത്സ്യബന്ധന ഉപകരണങ്ങൾ സൂക്ഷിക്കുന്നതിനുള്ള സൗകര്യവും ഒരുക്കും. താമസ സ്ഥലത്തേക്ക് റോഡ്, വൈദ്യുതി, ശുദ്ധജലം എന്നിവ എത്തിക്കുകയും ചെയ്യും. 


കടൽത്തീരത്തുനിന്ന് 200 മീറ്റർ ദുരത്തിൽ യോജിച്ച സ്ഥലം രണ്ടാഴ്ചയ്ക്കുള്ളിൽ കണ്ടെത്താൻ കലക്ടർ അമിത് വീണ അധികൃതർക്കു നിർദേശം നൽകി. സർക്കാർ സ്ഥലം ഇല്ലെങ്കിൽ സർക്കാർ നിശ്ചയിച്ച വിലയ്ക്ക് സ്വകാര്യ വ്യക്തികളിൽനിന്നു സ്ഥലം വാങ്ങാനും തീരുമാനിച്ചിട്ടുണ്ട്. കടലിനോടു ചേർന്ന് താമസിക്കുന്ന കുടുംബങ്ങളെ കണ്ടെത്തി അവരുടെ സമ്മതത്തോടെയാകും പുനരധിവസിപ്പിക്കുക. ഇത്തരത്തിലുള്ള കുടുംബങ്ങളെ കണ്ടെത്തുന്നതിനായി വില്ലേജ് ഓഫിസർമാർ അടുത്ത ദിവസം കടലോരത്ത് എത്തും.


കാപ്പിരിക്കാട്, അജ്മേർ നഗർ മേഖലയിലുള്ളവരെ പെരുമ്പടപ്പ് വില്ലേജ് പരിധിയിലും, തണ്ണിത്തുറ, പത്തുമുറി മേഖലയിലുള്ളവരെ വെളിയങ്കോട് വില്ലേജ് പരിധിയിലുമാണ് പുനരധിവസിപ്പിക്കുക. പുതുപൊന്നാനി, ലൈറ്റ് ഹൗസ്, മുറിഞ്ഞഴി മേഖലയിലുള്ള കുടുംബങ്ങളെ പൊന്നാനി നഗരസഭാ പരിധിയിലും സ്ഥലം കണ്ടെത്തി പുനരധിവസിപ്പിക്കും.




        
    

Post a Comment

0 Comments

Top Post Ad

Below Post Ad