തിരുവനന്തപുരം : ഫോണ്‍ കെണി കേസില്‍ കുറ്റവിമുക്തനായതോടെ എ.കെ.ശശീന്ദ്രന്‍ വീണ്ടും മന്ത്രിയാകാനുള്ള സാധ്യത തെളിയുന്നു. ഇതു സംബന്ധിച്ച് പാര്‍ട്ടിയിലും ഇടതുമുന്നണിയിലും എല്ലാ സാഹചര്യങ്ങളും ശശീന്ദ്രന് അനുകൂലമാണ്.
കേസുമായി ബന്ധപ്പെട്ട നിലവിലെ വിവരങ്ങള്‍ കൈമാറുന്നതിനും മന്ത്രിസ്ഥാനം സംബന്ധിച്ച ചര്‍ച്ചകള്‍ക്കുമായി ഞായറാഴ്ച എന്‍സിപി സംസ്ഥാന നേതൃത്വം ദേശീയ അധ്യക്ഷന്‍ ശരദ് പവാറിനെ കാണും. എന്നാല്‍ ഇത് ഔപചാരികതയുടെ ഭാഗമായുള്ള കൂടിക്കാഴ്ച മാത്രമാണെന്നും ശശീന്ദ്രന്‍ മന്ത്രി സ്ഥാനത്തേക്കു തിരികെയെത്തുമെന്നും സംസ്ഥാന അധ്യക്ഷന്‍ ടി.പി.പീതാംബരന്‍ പറഞ്ഞു.
സിപിഎമ്മിനും ഇടതുമുന്നണിക്കും ഇക്കാര്യത്തില്‍ എതിരഭിപ്രായമില്ലെന്നു നേരത്തേത്തന്നെ വ്യക്തമാക്കിയിരുന്നു. ഫോണ്‍ കെണി അന്വേഷിച്ച ജുഡീഷ്യല്‍ കമ്മിഷന്‍ ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയപ്പോഴും തിരികെ മന്ത്രിയാക്കാന്‍ സിപിഎം തയാറായിരുന്നില്ല. എന്നാല്‍ കോടതിയിലെ കുരുക്കില്‍നിന്നു മുക്തനായശേഷം ശശീന്ദ്രനു മന്ത്രിസഭയിലേക്കു വരാമെന്ന് അറിയിക്കുകയായിരുന്നു.
ശശീന്ദ്രന്‍ തിരികെ വരുന്നതിനെ എതിര്‍ക്കേണ്ടെന്ന അഭിപ്രായവും നവംബറില്‍ ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് കൈക്കൊണ്ടു. കേസുകൂടി തീര്‍പ്പായശേഷം ശശീന്ദ്രനായി വാതില്‍ തുറക്കുന്നതാകും ഉചിതമെന്ന അഭിപ്രായമാണ് അന്ന് സെക്രട്ടേറിയറ്റിലുണ്ടായത്. ഇടതുമുന്നണിയിലും ഇക്കാര്യത്തില്‍ വിരുദ്ധാഭിപ്രായത്തിനു സാധ്യതയില്ല.
ശശീന്ദ്രന്‍ രാജിവച്ചൊഴിഞ്ഞ സ്ഥാനത്ത് പിന്നീട് തോമസ് ചാണ്ടിയാണു മന്ത്രിയായെത്തിയത്. എന്നാല്‍ കായല്‍ കയ്യേറ്റ വിവാദത്തെത്തുടര്‍ന്ന് അദ്ദേഹം രാജിവച്ചതോടെ ഇനി മന്ത്രിസ്ഥാനത്തേക്ക് ആരെന്ന ചോദ്യമുയര്‍ന്നു. എന്‍സിപിയുടെ അക്കൗണ്ടില്‍ സ്വതന്ത്ര എംഎല്‍എമാരെ മന്ത്രിയാക്കുമെന്ന റിപ്പോര്‍ട്ടുകളുമുണ്ടായി. കേരള കോണ്‍ഗ്രസ് (ബി)യില്‍ നിന്ന് കെ.ബി.ഗണേഷ്‌കുമാറിനെ മന്ത്രിയാക്കാനും അതിനിടെ ശ്രമങ്ങളുണ്ടായി. എന്നാല്‍ കേരള കോണ്‍ഗ്രസി(ബി)നെ എന്‍സിപിയുടെ ഭാഗമാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നു തോമസ് ചാണ്ടി-ശശീന്ദ്രന്‍ വിഭാഗങ്ങള്‍ ശരദ് പവാറിനെ മുംബൈയില്‍ കണ്ട് ആവശ്യപ്പെടുകയായിരുന്നു. ആദ്യം കുറ്റവിമുക്തനായി വരുന്ന വ്യക്തിക്ക് മന്ത്രിസ്ഥാനം നല്‍കുകയെന്ന നിലപാടാണ് പിന്നീട് എന്‍സിപി നേതൃത്വം സ്വീകരിച്ചത്. അങ്ങനെ നോക്കുമ്പോഴും ശശീന്ദ്രനാണു സാധ്യത.
ശശീന്ദ്രന്‍ മന്ത്രിസ്ഥാനത്തേക്കു തിരികെയെത്തുമെന്നും പീതാംബരന്‍ വ്യക്തമാക്കിയതാണ്. ഇക്കാര്യത്തില്‍ പാര്‍ട്ടി ഒറ്റക്കെട്ടാണെന്നും അദ്ദേഹം അറിയിച്ചു. ശരദ് പവാറിനെ കാര്യങ്ങളെല്ലാം ബോധ്യപ്പെടുത്തും. പിന്നീട് കേന്ദ്രനേതൃത്വമാണ് ഇടതുമുന്നണിയോട് ഔദ്യോഗികമായി മന്ത്രിസ്ഥാനം ആവശ്യപ്പെടുക. എന്‍സിപിയിലും ഇടതുമുന്നണിയിലും ശശീന്ദ്രന്റെ കാര്യത്തില്‍ അഭിപ്രായ ഐക്യമായതിനാല്‍ മന്ത്രിസ്ഥാനം ഉറച്ചതാണ്. എന്നാല്‍ ഇതു സംബന്ധിച്ച് തോമസ് ചാണ്ടിയുടെ പ്രതികരണമുണ്ടായിട്ടില്ല. ശശീന്ദ്രന്റെ മന്ത്രിസ്ഥാനത്തിന്റെ കാര്യത്തില്‍ പാര്‍ട്ടിയില്‍ത്തന്നെ അഭിപ്രായ ഐക്യമുണ്ടായ സാഹചര്യത്തില്‍ തോമസ് ചാണ്ടിയും മറിച്ചൊരു അഭിപ്രായം പറയാന്‍ സാധ്യതയില്ല.
Post a Comment
0 Comments