ലക്നൗ: (www.evisionnews.co)ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗര്‍ കലാപവുമായി ബന്ധപ്പെട്ട് ബി.ജെ.പി നേതാക്കളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കാന്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഒരുങ്ങുന്നു. ബി.ജെ.പി നേതാക്കളുടെ പേരിലുള്ള ഒന്‍പത് ക്രിമിനല്‍ കേസുകളാണ് പിന്‍വലിക്കാന്‍ ഒരുങ്ങുന്നത്. ഇക്കാര്യത്തില്‍ ജനഹിതം അറിയാന്‍ ജില്ലാ മജിസ്ട്രേറ്റിനും സീനിയര്‍ പൊലീസ് സുപ്രണ്ടന്റിനും ഉത്തര്‍പ്രദേശ് സ്പെഷ്യല്‍ സെക്രട്ടറി രാജ് സിംഗ് കത്തയച്ചു. പൊതുജന താല്‍പര്യം കണക്കിലെടുത്ത് പ്രതികളെ വിട്ടയക്കാനാണ് തീരുമാനം.
യോഗി ആദിത്യനാഥിന്റെ മന്ത്രിസഭയിലെ അംഗമായ സുരേഷ് റാണ, മുന്‍ കേന്ദ്ര മന്ത്രിയും എം.പിയുമായ സജ്ഞീവ് ബലിയാന്‍, എം.പിയായ ബര്‍തേന്ദ്ര സിംഗ്, എം.എല്‍.എയായ ഉമേഷ് മാലിക്, പാര്‍ട്ടി നേതാവ് സാധ്വി പ്രാചി എന്നിവര്‍ക്കെതിരെയുള്ള കേസ് പിന്‍വലിക്കാനാണ് സര്‍ക്കാരിന്റെ നീക്കം.
2013ലാണ് ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറിലുണ്ടായ ഹിന്ദു മുസ്ലിം വര്‍ഗീയ കലാപവുമായി ബന്ധപ്പെട്ട് ബി.ജെ.പി നേതാക്കള്‍ക്കെതിരെ കേസെടുത്തിരുന്നത്. കലാപത്തിന് ആഹ്വാനം നല്‍കുന്ന വിധം പ്രകോപനപരമായ പ്രസംഗം നടത്തിയെന്നാണ് ബി.ജെ.പി നേതാക്കള്‍ക്കെതിരായ കേസ്. സാധ്വി പ്രാചി അടക്കമുള്ള നേതാക്കള്‍ നടത്തിയ പ്രസംഗമാണ് കലാപത്തിന് കാരണമായതെന്നാണ് കരുതുന്നത്. കലാപത്തില്‍ 62 പേരാണ് കൊല്ലപ്പെട്ടത്.
2013 ആഗസ്റ്റില്‍ മുസഫര്‍നഗര്‍ കലാപസമയത്ത് നിരോധനാജ്ഞ നിലനില്‍ക്കെ മഹാപഞ്ചായത്ത് വിളിച്ച് ചേര്‍ത്തയോഗത്തില്‍ ബി.ജെ.പി നേതാക്കള്‍ പങ്കെടുത്തിരുന്നതായും അക്രമത്തിന് ആഹ്വാനം ചെയ്യുന്ന രീതിയില്‍ പ്രസംഗിച്ചെന്നുമാണ് കേസുമായി ബന്ധപ്പെട്ട പ്രത്യേക അന്വേഷണ സംഘത്തിെന്റ കണ്ടെത്തൽ
Post a Comment
0 Comments