Type Here to Get Search Results !

Bottom Ad

ദേശീയ കാർറാലി ചാമ്പ്യൻ പട്ടം അഞ്ചാമതും മൂസാ ഷെരീഫിന്

ബംഗളൂരു:(www.evisionnews.co)കഴിഞ്ഞ 26 വർഷമായി ദേശീയ-അന്തർ ദേശീയ കാർ റാലി മേഖലയിൽ ജൈത്രയാത്ര തുടരുന്ന മൂസാ ഷരീഫിൻന്റെ തൊപ്പിയിൽ ഒരു പൊൻതൂവൽ കൂടി.ദേശീയ കാർ റാലി ചാമ്പ്യൻ  പട്ടം അഞ്ചാം തവണയും കരസ്ഥമാക്കിയ മൂസ ഷരീഫ് ചരിത്രത്തിന്റെ താളുകളിൽ ഒരിക്കൽ കൂടി ഇടംപിടിച്ചു.ബംഗളൂരുവിൽ വെച്ച് നടന്ന എഫ്.എം എസ് സി ഐ ദേശീയ കാർ റാലി ചാമ്പ്യൻഷിപ്പ്-2017 ന്റെ അന്തിമ റൗണ്ടിലും തിളക്കമാർന്ന വിജയം നേടിയാണ് മൂസാ ഷരീഫ് ഈ അപൂർവ നേട്ടം കൈവരിച്ചത്. അതിവേഗറൗണ്ടടക്കമുള്ള 6 സ്റ്റേജുകൾ 55 മിനുട്ടും 41 സെക്കന്റും കൊണ്ട് പൂർത്തീകരിച്ചായിരുന്നു  ഈ മിന്നും വിജയം.രണ്ടാം സ്ഥാനത്തെത്തിയ ഡീൻ മസ്കരനാസ്-ശ്രുപ്ത പതിവാൾ സഖ്യത്തിന് കാര്യമായ ഭീഷണിയുയർത്താനായില്ല. നേരത്തെ കോയമ്പത്തൂർ, ജയ്പൂർ, ചിക്കമംഗളൂരു , അരുണാചൽ പ്രദേശ് എന്നിവിടങ്ങളിലായി നടന്ന 4 റൗണ്ടുകളിലും മികച്ച വിജയം നേടിയ മൂസാ ഷരീഫ് പോയിന്റ് നിലയിൽ ബഹുദൂരം മുന്നിലായിരുന്നു. ഇന്ത്യയിലെ ഒന്നാം നമ്പർ റാലി ഡ്രൈവർ ഡൽഹി സ്വദേശിയായ ഗൗരവ് ഗില്ലിനോടൊപ്പം ചേർന്ന് മഹീന്ദ്രാ അഡ്‌വെഞ്ചേഴ്സിന് വേണ്ടി കളത്തിലിറങ്ങിയാണ്  ഷരീഫ് ചരിത്രത്തിലേക്ക് നടന്നു കയറിയത്. ഇതിനു മുമ്പ് 2007 ,2009 , 2011 , 2014 വർഷങ്ങളിലായി മൂസാ ഷരീഫ് നാല് പ്രാവശ്യം ദേശീയ ചാമ്പ്യൻ പട്ടം നേടിയപ്പോഴും ഗൗരവ് ഗിൽ തന്നെയായിരുന്നു കൂട്ടാളി.ഇതിനു പുറമെ ഒരു തവണ ഇന്ത്യൻ റാലി ചാമ്പ്യൻ പട്ടവും, ഇന്ത്യൻ നാഷണൽ എസ് യു വി ചാമ്പ്യൻ പട്ടവും മൂസാ ഷരീഫ് നേടിയിട്ടുണ്ട്.ദേശീയ തലത്തിൽ മുപ്പതാം കാർ റാലി വിജയം നേടിയ ഷരീഫ്-ഗിൽ  സഖ്യം ഇന്ത്യൻ റാലി മേഖലയിലെ "ഭാഗ്യജോടികൾ"എന്നാണറിയപ്പെടുന്നത്.
ലിംക ബുക്ക്സ് ഓഫ് റെക്കോർഡ്സിൽ ഇതിനകം തന്നെ ഇടം നേടിയ ഇന്ത്യയിലെ ഒന്നാം നമ്പർ നാവിഗേറ്ററും 46 കാരനുമായ മൂസാ ഷരീഫും,  സാഹസികതയുടെ തോഴനായ 35 കാരൻ ഗൗരവ് ഗില്ലും ഇന്ത്യൻ കാർ റാലി സർക്യൂട്ടിലെ അജയ്യശക്തിയായി മാറിയിരിക്കുകയാണ്. മൊഗ്രാൽ പെർവാഡ് സ്വദേശിയായ മൂസാ ഷരീഫിന്റെ ഈ ഉജ്വല നേട്ടം കേരളത്തിനും വിശിഷ്യാ കാസറഗോഡിനും ഒന്നടങ്കം അഭിമാനിക്കാൻ വക നൽകുന്നതാണ്.നാടിൻറെ അഭിമാനവും യശസ്സും വാനോളമുയർത്തിയ ഈ പ്രതിഭയ്ക്ക് ഗംഭീരമായ പൗരസ്വീകരണം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് മൊഗ്രാലിലെ കായിക പ്രേമികൾ.

Post a Comment

0 Comments

Top Post Ad

Below Post Ad