Type Here to Get Search Results !

Bottom Ad

സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിംഗ്; കാസർകോട്ട് 24 പരാതികള്‍ പരിഗണിച്ചു

കാസർകോട്: (www.evisionnews.co)സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ സിറ്റിംഗില്‍ 24 പരാതികള്‍ പരിഗണിച്ചു. കമ്മീഷന്‍ അംഗം അഡ്വ.മുഹമ്മദ് ഫൈസല്‍ നടത്തിയ സിറ്റിംഗില്‍ നാലു പരാതികള്‍ തീര്‍പ്പാക്കി. പുതിയതായി ഒരു പരാതി ലഭിച്ചു. അടുത്ത സിറ്റിംഗ് ഫെബ്രുവരി 26ന് കണ്ണൂരില്‍ നടക്കും.

കൊല്ലപ്പെട്ട മദ്രസ അധ്യാപകന്‍ റിയാസ് മൗലവിയുടെ കുടുംബത്തിന് സര്‍ക്കാരില്‍ നിന്ന് സാമ്ബത്തികസഹായം ലഭിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന സി.മുഹമ്മദ് കുഞ്ഞി നല്‍കിയ പരാതിയില്‍ മൗലവിയുടെ കുടുംബാംഗങ്ങള്‍ സര്‍ക്കാരിന് അപേക്ഷ നല്‍കിയാല്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് സര്‍ക്കാര്‍ അറിയിച്ചതായി കമ്മീഷന്‍ വ്യക്തമാക്കി. സഹായം ലഭിക്കാത്തതുമായി ബന്ധപ്പെട്ട പരാതിയുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അതനുസരിച്ച്‌ നടത്തിയ അന്വേഷണത്തില്‍ സാമ്ബത്തികമായി ദുരിതം അനുഭവിക്കുന്ന കുടുംബം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെ അപേക്ഷ സമര്‍പ്പിച്ചിട്ടില്ല.

അപേക്ഷ നല്‍കുന്നമുറയ്ക്ക് സഹായം നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് അറിയിപ്പ് ലഭിച്ചതായി കമ്മീഷന്‍ വ്യക്തമാക്കി.പള്ളി കമ്മിറ്റി ഭ്രഷ്ട് കല്‍പ്പിച്ച്‌ തന്റെ കുടുംബത്തെ ദീര്‍ഘകാലമായി സമുദായത്തില്‍ നിന്ന് അകറ്റിനിര്‍ത്തുന്നുവെന്ന വീട്ടമ്മയുടെ പരാതിയില്‍ ഇരുകൂട്ടരുമായി കമ്മീഷന്‍ സംസാരിച്ചു പ്രശ്നം ഒത്തുതീര്‍പ്പാക്കി. ഇവരുടെ കുടുംബവും പള്ളിക്കമ്മിറ്റിയുമായി ദീര്‍ഘകാലമായി തര്‍ക്കം നിലനിന്നിരുന്നു. മഹല്ലിന്റെ സേവനങ്ങളും ഇവര്‍ക്ക് നല്‍കിയിരുന്നില്ല.

തളങ്കരയിലെ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നിന്ന് വിദ്യാര്‍ഥിയെ പുറത്താക്കിയതിന് പ്രിന്‍സിപ്പാളിനെതിരെ അമ്മ നല്‍കിയ പരാതിയില്‍ കമ്മീഷന്‍ ഇടപെട്ട് പ്രശ്നപരിഹാരമുണ്ടാക്കി. അധ്യാപകനോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച്‌ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ സ്കൂളില്‍ നിന്ന് പുറത്താക്കിയിരുന്നു. പരീക്ഷ എഴുതാനും സമ്മതിച്ചിരുന്നില്ല. ഇതിനെതിരെയാണ് കമ്മീഷന് പരാതി നല്‍കിയത്. കുട്ടിയെ പരീക്ഷ എഴുതുവാനും ടിസിയും അനുവദിക്കാന്‍ സ്കൂള്‍ അധികൃതര്‍ തയ്യാറായതോടെ അമ്മ പരാതി പിന്‍വലിച്ചു. കുട്ടി മറ്റൊരു സ്കൂളില്‍ ചേര്‍ന്നു പഠിക്കും.

പുതിയ വാഹനത്തിന് ബുക്ക് ചെയ്തിട്ടു തകരാറുള്ള വാഹനം വ്യാജഒപ്പിട്ട് താല്‍ക്കാലിക പെര്‍മിറ്റ് എടുത്തുനല്‍കിയെന്ന പരാതിയില്‍ കോഴിക്കോട് ആര്‍ടിഒ യോട് നേരിട്ട് ഹാജരായി വിശദമായ റിപ്പോര്‍ട്ട് നല്‍കുവാന്‍ കമ്മീഷന്‍ നിര്‍ദേശിച്ചു. കണ്ണുര്‍ പോപ്പുലര്‍ ഓട്ടോമൊബൈല്‍സിലാണ് പുതിയ വാഹനത്തിന് ബുക്ക് ചെയ്തിരുന്നത്. ആര്‍ടിഒയുടെ റിപ്പോര്‍ട്ട് ലഭിച്ചശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും കമ്മീഷന്‍ അറിയിച്ചു. ജില്ലാ കളക്ടര്‍ ജീവന്‍ബാബു.കെ സിറ്റിംഗില്‍ പങ്കെടുത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad