കാസര്‍കോട് (www.evisionnews.co): കെ.എസ്.ടി.പി റോഡ് വികസനത്തിന്റെ ഭാഗമായി കാസര്‍കോട് മുതല്‍ കാഞ്ഞങ്ങാട് വരെയുള്ള ടൗണുകള്‍ വികസിപ്പിച്ചപ്പോള്‍ പൂച്ചക്കാടിനെ പൂര്‍ണമായും അവഗണിച്ചിരിക്കുകയാണെന്ന് മുസ്ലിം ലീഗ് പൂച്ചക്കാട് ശാഖാ കമ്മിറ്റി ജില്ലാ കലക്ടര്‍ക്ക് നല്‍കിയ നിവേദനത്തില്‍ പറഞ്ഞു. ഇവിടെ നിലവിലുണ്ടായിരുന്ന ബസ് കാത്തിരിപ്പുകേന്ദ്രം ഒരു വര്‍ഷം മുമ്പ് പൊളിച്ചുമാറ്റിയെങ്കിലും പുതിയത് ഇതുവരെ നിര്‍മിച്ചിട്ടില്ല. ഇതുമൂലം സ്ത്രീകളും സ്‌കൂള്‍ കുട്ടികളുമടക്കമുള്ള യാത്രക്കാര്‍ പൊരിവെയിലത്ത് ബസ് കാത്തുനില്‍ക്കേണ്ട അവസ്ഥയാണ്. പൂച്ചക്കാട് ജംഗ്ഷനെ ബന്ധിപ്പിക്കുന്ന പൂച്ചക്കാട് കാലിക്കടവ് റോഡ്, പൂച്ചക്കാട് റഹ്മത്ത് റോഡ്, മദ്രസ റോഡ് എന്നിവ ഇതുവരെയും ടാര്‍ ചെയ്തിട്ടില്ല.
സോളാര്‍ ലൈറ്റ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും കത്തിക്കാനുള്ള നടപടി ഇതുവരെയും സ്വീകരിച്ചിട്ടില്ല. ടാങ്കറും മത്സ്യലോറിയും അടക്കമുള്ള വാഹനങ്ങള്‍ രാവിലെ മുതല്‍ പുലര്‍ച്ചെ വരെ ഇതുവഴി കുതിച്ചുപായുകയാണ്. നാട്ടുകാര്‍ ജീവന്‍ പണയം വെച്ചാണ് റോഡ് മുറിച്ചുകടക്കുന്നത്. വേഗത നിയന്ത്രിക്കാനുള്ള സിഗ്നലും സ്ഥാപിച്ചിട്ടില്ല. അരയാല്‍തറ മുതല്‍ തെക്കുപുറം പള്ളി വരെ റോഡില്‍ ഡിവൈഡര്‍ സ്ഥാപിക്കണമെന്ന നാട്ടുകാരുടെ ആവശ്യവും കെ.എസ്.ടി.പി അധികൃതര്‍ ചെവികൊണ്ടില്ല. ഡ്രൈനേജ് സംവിധാനവും ഒരുക്കിയിട്ടില്ലെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. പ്രസിഡണ്ട് എ.എം അബ്ദുല്‍ ഖാദര്‍, സെക്രട്ടറി മുഹമ്മദ് കുഞ്ഞി ബപ്പന്‍കുട്ടി, മാളികയില്‍ കുഞ്ഞബ്ദുല്ല, മാഹിന്‍ പൂച്ചക്കാട്, ശമീം അഹമ്മദ്, എം.എ നാസര്‍, അസീസ് കടവ്, മഹമൂദ് പൂച്ചക്കാട് എന്നിവര്‍ നിവേദക സംഘത്തിലുണ്ടായിരുന്നു.
Post a Comment
0 Comments