കുവൈറ്റ് സിറ്റി:(www.evisionnews.co) കുവൈറ്റ് അധികൃതർ 2018 ജനുവരി 29 മുതൽ ഫെബ്രുവരി 22 വരെ പ്രഖ്യാപിച്ച പൊതുമാപ്പ് ഉപയോഗപ്പെടുത്താൻ ആവശ്യക്കാർക്ക് സഹായം എത്തിക്കുന്നതിനും സംശയ നിവാരണങ്ങൾക്കും ഗ്ലോബൽ കേരള പ്രവാസി വെൽഫെയർ അസോസിയേഷന്റെ കുവൈറ്റ് ചാപ്റ്റർ സജ്ജമായി. അടിയന്തിര ആവശ്യങ്ങൾ മുന്നിൽ കണ്ട് ആദ്യമേ രൂപീകരിച്ച കെ പി ഡബ്ള്യു എയുടെ 25 അംഗ റാപിഡ് ആക്ഷൻ ടീം ആണ് പ്രഖ്യാപനം നടന്ന മണിക്കൂറുകൾക്കകം 200 ലധികം അപേക്ഷകൾ സ്വീകരിച്ച് മാതൃകയായത്.
ബന്ധപ്പെടേണ്ട ഗ്ലോബൽ കെ പി ഡബ്ള്യു എ വളണ്ടിയർമാരുടെ വിശദവിവരങ്ങൾ എംബസ്സി അധികൃതർക്കും വിവിധ അസോസിയേഷൻ ഭാരവാഹികൾക്കും കെ പി ഡബ്ള്യു എ യുടെ 456 വാട്സാപ്പ് ഗ്രൂപ്പുകൾ വഴി 42000 അംഗങ്ങൾക്കും കൈമാറുകയും സോഷ്യൽ മീഡിയ വഴി അറിയിക്കുകയും ചെയ്തിട്ടുണ്ട്. നിലവിൽ ക്രിമിനൽ / സാമ്പത്തിക കേസുകളിൽ യാത്ര വിലക്ക് ഉള്ളവരല്ലാത്തവർക്ക് ശിക്ഷയോ പിഴയോ ഇല്ലാതെ രാജ്യം വിടാനോ പിഴയടച്ചു ജോലി തുടരാനോ ആണ് അവസരം ഉള്ളത്. ആവശ്യക്കാർ വാട്സാപ്പ് വഴി വിശദാംശങ്ങൾ താഴെ പറയുന്ന കെ പി ഡബ്ള്യു എ ഭാരവാഹികളെ അറിയിക്കാവുന്നതാണ്. പൊതുമാപ്പുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ സമയാസമയത്ത് നൽകാനും ആവശ്യമായ സ്ഥലങ്ങളിൽ ഹെൽപ് ഡെസ്കുകൾ സംഘടിപ്പിക്കാനും മാറ്റ് സംഘടനകളുമായി യോജിച്ച് പ്രവർത്തിക്കാനും ഗ്ലോബൽ കേരള പ്രവാസി വെൽഫെയർ അസോസിയേഷൻ തയ്യാറാണ് എന്ന് ഗ്ലോബൽ ചെയർമാനും കുവൈത്ത് ചാപ്റ്റർ രക്ഷാധികാരിയുമായ മുബാറക്ക് കാമ്പ്രത്ത്, ജനറൽ സെക്രട്ടറി രജി ചിറയത്ത് , ട്രഷറർ അനിൽ ആനാട് , വൈസ് പ്രസിഡന്റ് സെബാസ്റ്റ്യൻ വാതുക്കാടൻ എന്നിവർ അറിയിച്ചു.
Post a Comment
0 Comments