Type Here to Get Search Results !

Bottom Ad

തൃശൂരില്‍ 58മത് സംസ്ഥാന കലോത്സവത്തിന് ഇന്ന് കൊടിയേറും


തൃശൂര്‍ (www.evisionnews.co): ഏഷ്യയിലെ ഏറ്റവും വലിയ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ കൊടി ഉയരും. നാളെ മുതലാണ് വേദികളുണരുക. രാത്രി പകലാക്കി ഇനി അഞ്ചുനാളുകള്‍ നഗരം കലാപൂരത്തിലാറാടും. ഏറെ മാറ്റങ്ങളോടെയാണ് ഇത്തവണ 58മത് കലോത്സവം അരങ്ങേറുകയെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് പത്രസമ്മേളനത്തില്‍ പറഞ്ഞു. 2008നുശേഷം ആദ്യമായി പരിഷ്‌കരിച്ച പുതിയ മാന്വല്‍ അനുസരിച്ചാണ് കലോത്സവം നടത്തുക. എല്ലാ വര്‍ഷവും മാന്വല്‍ പരിഷ്‌കരിച്ച് കലോത്സവം കുറ്റമറ്റതാക്കുമെന്നു മന്ത്രി പറഞ്ഞു. ഏഴുനാളുകള്‍ അഞ്ചിലേക്കു ചുരുക്കി.

മത്സര ഇനങ്ങള്‍ മൂന്നെണ്ണം പുതുതായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആഡംബരം ഒഴിവാക്കുന്നതിന്റെ ഭാഗമായി സാംസ്‌കാരിക ഘോഷയാത്ര ഇത്തവണയുണ്ടാകില്ല. പകരം ദൃശ്യവിസ്മയം ഉണ്ടാകും. കലോത്സവത്തിന് ഇത്തവണ വിജയികള്‍ ഉണ്ടാകില്ല. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ക്കു പകരം എല്ലാ മത്സരാര്‍ഥികള്‍ക്കും ട്രോഫികള്‍ നല്‍കും. മത്സരത്തില്‍ 80 ശതമാനം മാര്‍ക്ക് ലഭിക്കുന്നവര്‍ക്ക് എ ഗ്രേഡുണ്ടാകും. നേരത്തെ 70 ശതമാനം ലഭിക്കുന്നവര്‍ക്കായിരുന്നു എ ഗ്രേഡ്. ഗ്രേസ് മാര്‍ക്ക് സാധാരണ പോലെ നല്‍കും.

മത്സരത്തില്‍ പങ്കെടുക്കുന്ന കുട്ടികളുടെ എണ്ണം 8954 ആണ്. അപ്പീലുകളിലൂടെ വരുന്ന കുട്ടികളെ കൂടി കണക്കിലെടുത്താല്‍ പന്ത്രണ്ടായിരത്തോളം കുട്ടികള്‍ കലോത്സവത്തില്‍ പങ്കെടുക്കും. ഗ്രീന്‍ പ്രോട്ടോക്കോളാണ് പ്രധാനം. ഗ്ലാസുകള്‍, സഞ്ചികള്‍, ബാഡ്ജുകള്‍ തുടങ്ങി പേനകള്‍ വരെ പ്ലാസ്റ്റിക് വിമുക്തം. മത്സര ക്രമം ഊഴം തെരഞ്ഞെടുക്കാന്‍ നേരത്തെ ഉപയോഗിച്ചിരുന്ന പ്ലാസ്റ്റിക് ചെപ്പുകള്‍ക്ക് പകരം മുളനാളിയാണ് ഉപയോഗിക്കുക. ക്രമ നമ്ബര്‍ വന്‍ പയര്‍ വിത്തിലാണ് എഴുതിയിരിക്കുന്നത്. നഗരത്തിലും പരിസരത്തുമായി 24 വേദികളിലായാണ് മത്സരം നടത്തുക. വൃക്ഷങ്ങളുടെയും ഇലകളുടെയുമൊക്കെ പേരുകളാണ് വേദികള്‍ക്ക് നല്‍കിയിരിക്കുന്നത്. സ്വര്‍ണകപ്പിന് ഇന്നലെ വേദിയില്‍ സ്വീകരണം നല്‍കി.

തേക്കിന്‍കാട് മൈതാനിയില്‍ പ്രധാനവേദിക്കു സമീപം ഇന്നു രാവിലെ 9.30ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി.മോഹന്‍കുമാര്‍ പതാക ഉയര്‍ത്തും. തുടര്‍ന്ന് പത്തു മുതല്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കും. ഉദ്ഘാടന സമ്മേളനത്തിനു മുന്നോടിയായി നാളെ രാവിലെ 8.45 മുതല്‍ 9.30 വരെ 12 മരച്ചുവടുകളില്‍ 14 കലാരൂപങ്ങള്‍ മൂന്നു മിനിറ്റിന്റെ ഇടവേളയില്‍ മാറി മാറി അവതരിപ്പിക്കും. പ്രധാന വേദിക്കു മുമ്ബില്‍ ആയിരം കുട്ടികളുടെ മെഗാതിരുവാതിര അരങ്ങേറും. തുടര്‍ന്ന് പത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ കലോത്സവം ഉദ്ഘാടനം ചെയ്യും. മന്ത്രി സി.രവീന്ദ്രനാഥ് അധ്യക്ഷത വഹിക്കും. സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍, മന്ത്രിമാരായ എ.സി മൊയ്തീന്‍, വി.എസ്.സുനില്‍കുമാര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad