തിരുവനന്തപുരം (www.evisionnews.co): സംസ്ഥാനത്ത് പുതിയ റേഷന്‍കാര്‍ഡിന് വേണ്ടിയുള്ള ജനങ്ങളുടെ കാത്തിരിപ്പിന് അറുതിയാകുന്നു. ഫെബ്രുവരി ഒന്നുമുതല്‍ പുതിയ റേഷന്‍കാര്‍ഡിനുള്ള അപേക്ഷ സ്വീകരിക്കാനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കണമെന്നും 15ന് മുമ്പ് അപേക്ഷ സ്വീകരിച്ചുതുടങ്ങണമെന്നും സിവില്‍ സപ്ലൈസ് ഡയറക്ടര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ഈ ഘട്ടത്തില്‍ തന്നെ നിലവില്‍ വിതരണംചെയ്ത കാര്‍ഡുകള്‍ പുതുക്കുകയും ചെയ്യാം. ശനിയാഴ്ച ഭക്ഷ്യമന്ത്രി പി. തിലോത്തമന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം. ഇതോടെ 10 ലക്ഷത്തോളം വരുന്ന കുടുംബങ്ങളുടെ മൂന്നരവര്‍ഷത്തെ കാത്തിരിപ്പിനാണ് അറുതിയാകുന്നത്.
2014ല്‍ അന്നത്തെ യു.ഡി.എഫ് സര്‍ക്കാര്‍ കാര്‍ഡ് പുതുക്കാന്‍ അപേക്ഷ ക്ഷണിച്ചെങ്കിലും കേന്ദ്ര ഭക്ഷ്യഭദ്രതനിയമം വിലങ്ങുതടിയായതോടെ പ്രവര്‍ത്തനം മന്ദഗതിയിലായി. കുറച്ചുകാലം താല്‍ക്കാലിക റേഷന്‍ കാര്‍ഡ് നല്‍കിയെങ്കിലും പിന്നീട് അതും പിന്‍വലിച്ചു. ഇതോടെ താല്‍ക്കാലിക കാര്‍ഡ് കൈവശംവെച്ച ലക്ഷക്കണക്കിന് കുടുംബങ്ങളാണ് കാര്‍ഡില്ലാതെ വഴിയാധാരമായത്. പുതിയ റേഷന്‍ കാര്‍ഡ് ലഭിക്കാത്തതിനാല്‍ ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സസഹായം ഉള്‍പ്പെടെയുള്ളവ നിഷേധിക്കപ്പെട്ടിരുന്നു. കാര്‍ഡില്ലാത്തതിനാല്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകളുടെ ഭവനപദ്ധതികള്‍ക്കും പാവപ്പെട്ടവര്‍ക്ക് അപേക്ഷക്കാന്‍ കഴിഞ്ഞിരുന്നില്ല.
Post a Comment
0 Comments