ചീമേനി (www.evisionnews.co): പുലിയന്നൂരിലെ റിട്ട. പ്രധാനാധ്യാപിക പി.വി ജാനകി വധക്കേസ് അന്വേഷണം ക്രൈംബ്രാഞ്ചിലേക്ക്. കൊല നടന്ന് ഒരുമാസം പിന്നിട്ടിട്ടും ലോക്കല്‍ പോലീസിന് ഒരു തുമ്പും കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് കേസില്‍ നിന്നും പോലീസ് അന്വേഷണം അവസാനിപ്പിക്കുന്നത്. നിലവില്‍ കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി കെ. ദാമോദരന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ജാനകി വധക്കേസ് അന്വേഷിക്കുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് ജാനകിയുടെ അടുത്ത ബന്ധുക്കള്‍ അടക്കമുള്ളവരെയും നാട്ടുകാരെയും അന്യസംസ്ഥാന തൊഴിലാളികളെയും വിശദമായ ചോദ്യം ചെയ്യലിന് വിധേയമാക്കിയെങ്കിലും അന്വേഷണത്തിന് സഹായകമായ വിവരങ്ങളൊന്നും ലഭിച്ചില്ല. ഈ സാഹചര്യത്തിലാണ് അന്വേഷണം അവസാനിപ്പിക്കുന്നത്. പോലീസ് അന്വേഷണം പരാജയപ്പെട്ട സാഹചര്യത്തില്‍ കേസ് ക്രൈംബ്രാഞ്ചിനെ ഏല്‍പിക്കാന്‍ സംസ്ഥാന ആഭ്യന്തര വകുപ്പ് നീക്കം നടത്തുകയാണ്.
കഴിഞ്ഞ ഡിസംബര്‍ 13നാണ് ജാനകിയെ പുലിയന്നൂരിലെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മുഖംമൂടി ധരിച്ചെത്തിയ മൂന്നംഗ സംഘം ജാനകിയുടെ കഴുത്തറുത്ത ശേഷം സ്വര്‍ണാഭരണങ്ങളും പണവും കൊള്ളയടിക്കുകയായിരുന്നു. അക്രമം തടയാന്‍ ശ്രമിച്ച ജാനകിയുടെ ഭര്‍ത്താവ് കൃഷ്ണനും കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റിരുന്നു. ആശുപത്രിയില്‍ ചികിത്സ കഴിഞ്ഞെത്തിയ കൃഷ്ണന്‍ നല്‍കിയ വിവരങ്ങളനുസരിച്ച് പോലീസ് അന്വേഷണം നടത്തിയെങ്കിലും സംശയിക്കപ്പെടുന്നവരാണ് കൃത്യം നടത്തിയതെന്ന് ഉറപ്പിക്കാന്‍ പര്യാപ്തമായ തെളിവുകളൊന്നും ലഭിച്ചില്ല. മികച്ച കുറ്റാന്വേഷകരായ പോലീസുദ്യോഗസ്ഥരെ പ്രത്യേക സ്‌ക്വാഡില്‍ ഉള്‍പെടുത്തിയിട്ടു പോലും കേസില്‍ പുരോഗതിയുണ്ടാക്കാന്‍ സാധിച്ചിട്ടില്ല. ഇതിനെതിരെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നുവന്നത്.
Post a Comment
0 Comments