Type Here to Get Search Results !

Bottom Ad

ജാനകി വധം: ചീമേനി തുറന്ന ജയില്‍ പരിസരത്ത് നിന്നും കത്തി കണ്ടെത്തി


കാസര്‍കോട് (www.evisionnews.co): ചീമേനി പുലിയന്നൂരിലെ റിട്ട. അധ്യാപിക ജാനകിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ കൊലയാളികള്‍ ഉപയോഗിച്ചതെന്ന് സംശയിക്കുന്ന കത്തി ചീമേനി തുറന്ന ജയില്‍ പരിസരത്ത് നിന്നും കണ്ടെത്തി. നാട്ടുകാര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് എത്തിയാണ് കത്തി കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് കത്തി ഫോറന്‍സിക് പരിശോധനയ്ക്കയച്ചിട്ടുണ്ട്. പരിശോധനാ ഫലം പുറത്തു വന്നതിനു ശേഷം മാത്രമേ കൊലയ്ക്കുപയോഗിച്ച കത്തിയാണോ എന്ന് ഉറപ്പിക്കാനാവുകയുള്ളൂവെന്ന് പോലീസ് പറഞ്ഞു.

കൊലയുമായി ചീമേനി സ്വദേശിക്ക് പങ്കുള്ളതായി നേരത്തെ പോലീസ് കണ്ടെത്തിയിരുന്നു. ചീമേനി തുറന്ന ജയില്‍ സ്ഥിതി ചെയ്യുന്ന തുറവ് മുതല്‍ വെളിച്ചംതോട് വരെയുള്ള പ്രദേശം കാടുപിടിച്ചതും വിജനവുമാണ്. കൊലയ്ക്കുശേഷം സംഘം കത്തി ഉപേക്ഷിച്ച് കടന്നു കളഞ്ഞതാകാമെന്ന സംശയമാണ് പോലീസിനുള്ളത്. കഴിഞ്ഞ 13ന് രാത്രിയാണ് സംഘം ജാനകിയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയും ഭര്‍ത്താവ് കളത്തേര കൃഷ്ണനെ മാരകമായി കുത്തിപ്പരിക്കേല്‍പിക്കുകയും ചെയ്തത്. ഇതിനു ശേഷം സ്വര്‍ണാഭരണങ്ങളും പണവുമായി സംഘം കടന്നുകളയുകയായിരുന്നു. സംഭവം നടന്ന ഒരു മാസമാകാറായിട്ടും കൊലയാളികളെ കുറിച്ച് ഒരുവിവരവും ലഭിക്കാത്തത് ബന്ധുക്കളിലും നാട്ടുകാരിലും പ്രതിഷേധം ഉയര്‍ത്തിയിട്ടുണ്ട്.

Post a Comment

0 Comments

Top Post Ad

Below Post Ad