Type Here to Get Search Results !

Bottom Ad

ഹാദിയയുടെ വിവാഹം സ്വന്തം ഇഷ്ടപ്രകാരം; ഇടപെടാനാകില്ലെന്നു സുപ്രീംകോടതി


ന്യൂഡല്‍ഹി: (www.evisionnews.co) വൈക്കം സ്വദേശി ഹാദിയയും കൊല്ലം സ്വദേശി ഷെഫിന്‍ ജഹാനും തമ്മിലുള്ള വിവാഹത്തില്‍ ഇടപെടാനാകില്ലെന്നു സുപ്രീംകോടതി. വിവാഹം നിയമവിരുദ്ധമായ നടപടിയല്ല. ഹാദിയയുടെ വിവാഹത്തില്‍ എന്‍ഐഎയ്ക്ക് ഇടപെടാനാകില്ല. അന്വേഷണവും വിവാഹവും രണ്ടു കാര്യമാണ്. ഷെഫിന്‍ ജഹാന്റെ ഭീകരബന്ധമാണ് എന്‍ഐഎ അന്വേഷിക്കുന്നത്. സ്വന്തം ഇഷ്ടപ്രകാരമാണു വിവാഹം കഴിച്ചതെന്നു ഹാദിയ വ്യക്തമാക്കിയിട്ടുണ്ട്. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് പരിഗണിച്ചു വിവാഹം റദ്ദാക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.

നേരത്തേ, ഹൈക്കോടതി ഇവരുടെ വിവാഹം റദ്ദാക്കിയിരുന്നു. വിമര്‍ശനം ഉന്നയിച്ചെങ്കിലും ഹൈക്കോടതി നടപടി റദ്ദാക്കാന്‍ സുപ്രീംകോടതി തയാറായില്ല. മാത്രമല്ല, വിവാഹത്തിന്റെ കാര്യത്തില്‍ നിലപാട് എഴുതി നല്‍കാനും ഹാദിയയോട് ആവശ്യപ്പെട്ടു. ഫെബ്രുവരി 22നാണു കേസ് കോടതി ഇനി പരിഗണിക്കുക. അതിനുമുന്‍പ് പറയാനുള്ളതെല്ലാം ഹാദിയ കോടതിയെ അറിയിക്കണം. കേസില്‍ ഹാദിയയെ കക്ഷി ചേര്‍ത്തു.

കഴിഞ്ഞ നവംബര്‍ 27നാണു സുപ്രീംകോടതി ഹാദിയയെ തുടര്‍പഠനത്തിനു കോയമ്പത്തൂരിലേക്ക് അയച്ചത്. സേലത്തെ ശിവരാജ് ഹോമിയോപതി മെഡിക്കല്‍ കോളജില്‍ ഹൗസ് സര്‍ജന്‍സി ചെയ്യുന്ന ഹാദിയയ്ക്കു ഹോസ്റ്റല്‍ സൗകര്യവും സുരക്ഷയും കോടതി ഏര്‍പ്പെടുത്തി. ദേശീയ ശ്രദ്ധ ആകര്‍ഷിച്ച കേസ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണു പരിഗണിച്ചത്.

ഹാദിയയുമായുളള വിവാഹം റദ്ദുചെയ്ത ഹൈക്കോടതി ഉത്തരവിനെതിരെ ഷെഫിന്‍ ജഹാന്‍ സമര്‍പ്പിച്ച ഹര്‍ജിയാണു കോടതിയുടെ മുന്നിലുളളത്. ഷെഫിന്‍ ജഹാനു ഭീകരബന്ധമുണ്ടെന്നാണു ഹാദിയയുടെ അച്ഛന്‍ അശോകന്റെ ആരോപണം. ഷെഫിന്‍ ജഹാനൊപ്പം പോകണമെന്നാണു ഹാദിയയുടെ നിലപാട്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad