ജിദ്ദ : സൗദി അറേബ്യ പുതുതായി ഏര്‍പ്പെടുത്താന്‍ പോകുന്ന ഇലക്ട്രോണിക് ടൂറിസ്റ്റ് വീസ ലഭിക്കുന്ന 65 രാജ്യങ്ങളുടെ പേര് സൗദി അറേബ്യ പ്രസിദ്ധീകരിച്ചു. ഷെങ്കന്‍ മേഖലയില്‍ പെടുന്ന 26 രാജ്യങ്ങള്‍, വടക്കന്‍ അമേരിക്കന്‍ രാജ്യങ്ങള്‍, ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങള്‍, ജപ്പാന്‍,ചൈന, സിംഗപ്പൂര്‍, മലേഷ്യ, ബ്രൂണൈ, ഓസ്ട്രേലിയ, ദക്ഷിണ കൊറിയ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങള്‍ അടങ്ങുന്ന ടൂറിസ്റ്റ് വീസയുടെ ആദ്യലിസ്റ്റില്‍, പക്ഷേ ഇന്ത്യ ഉള്‍പ്പെടുന്നില്ല.
അതിനിടെ, മാര്‍ച്ച് അവസാനത്തിനകം നിലവില്‍ വരാനിരിക്കുന്ന വിനോദ സഞ്ചാരവീസ സംബന്ധിച്ച വിശദാംശങ്ങള്‍ സൗദി ആഭ്യന്തര- വിദേശ മന്ത്രാലയങ്ങളും സൗദി കമ്മീഷന്‍ ഫോര്‍ ടൂറിസം ആന്റ് നാഷനല്‍ ഹെറിറ്റേജും ചേര്‍ന്ന് തയാറാക്കി പ്രസിദ്ധീകരിച്ചു. വ്യക്തികള്‍ക്ക് സൗദി ടൂറിസ്റ്റ് വീസ ലഭിക്കില്ല. നാല് പേരെങ്കിലും ഉള്‍പ്പെട്ട ഗ്രൂപ്പുകള്‍ക്ക് ഇലക്ട്രോണിക് സംവിധാനത്തിലൂടെയാണ് വീസ ലഭിക്കുക. മുപ്പതു വയസ്സില്‍ താഴെ പ്രായമുള്ള വനിതയുടെ കൂടെ അടുത്ത ബന്ധു (മഹ്റം) ഉണ്ടായിരിക്കണം. വിദേശ രാജ്യങ്ങളിലെ അംഗീകൃത ടൂര്‍ ഓപ്പറേറ്റമാരും സൗദി കമ്മീഷന്‍ ഫോര്‍ ടൂറിസം ആന്റ് നാഷനല്‍ ഹെറിറ്റേജ് അംഗീകാരമുള്ള ഓപ്പറേറ്റര്‍മാരും സംയുക്തമായാണ് ടൂറിസ്റ്റ് വീസ പ്രകാരമുള്ള വിനോദ യാത്ര സജ്ജീകരിക്കുക.
ടൂറിസ്റ്റ് ഗ്രൂപ്പുകള്‍ സന്ദര്‍ശിക്കാനുദ്ദേശിക്കുന്ന സൗദിയിലെ പ്രദേശങ്ങള്‍, റൂട്ടുകള്‍, സമയക്രമം തുടങ്ങിയ വിവരങ്ങള്‍ ഓണ്‍ലൈന്‍ വഴി അറിയിച്ചാല്‍ അതിന്മേല്‍ ആഭ്യന്തര, വിദേശ മന്ത്രാലയങ്ങള്‍ സൂക്ഷ്മപരിശോധന നടത്തും. ഈ അടിസ്ഥാനത്തിലായിരിക്കും വീസ അനുവദിക്കുക. അമുസ്ലിംകള്‍ക്ക് പ്രവേശനം ഇല്ലാത്ത മക്ക, മദീന എന്നിവ സന്ദര്‍ശന റൂട്ടില്‍ ഉള്‍പ്പെടില്ല.
Post a Comment
0 Comments