കാസര്‍കോട് : ജനാധിപത്യം ആള്‍ക്കൂട്ടത്തിന്റെ ആധിപത്യമായി മാറാതിരിക്കാനാണ് ഇന്ത്യ ജനാധിപത്യറിപ്പബ്ലിക് ആയതെന്നും ഇതില്‍ ഭരണകൂടത്തിനുമേല്‍ നിയമങ്ങളുടെ നിയന്ത്രണം മൗലികാവകാശങ്ങളെ സംരക്ഷിക്കാനാണെന്നും റവന്യൂ-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ പ്രസ്താവിച്ചു. വിവേചനം കൂടാതെ ഓരോ പൗരനും മൗലികാവകാശങ്ങളും സ്വാതന്ത്ര്യവും നീതിയും ഭരണഘടന ഉറപ്പു നല്‍കുന്നുണ്ട്. ഈ രാജ്യത്തെ മതേതര ജനാധിപത്യ റിപ്പബ്ലിക് ആക്കാനുളള ദൃഢനിശ്ചയമാണ് ഭരണഘടനയുടെ ആമുഖം പ്രഖ്യാപിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ 69-ാമത് റിപ്പബ്ലിക്ദിന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
ക്രാന്തദര്‍ശികളായ നമ്മുടെ ഭരണഘടനാ ശില്‍പ്പികള്‍ എല്ലാവരെയും ഉള്‍ക്കൊളളുന്ന ഇന്ത്യക്കാരനെയാണ് വിഭാവനം ചെയ്തത്. അതിനാല്‍ തന്നെ മതേതര സോഷ്യലിസ്റ്റ് ജനാധിപത്യ റിപ്പബ്ലിക് എന്ന വ്യവസ്ഥിതിയെ ശക്തിപ്പെടുത്തേണ്ട അനിവാര്യതയാണ് ഇന്നുളളത്. ലെജിസ്ലേച്ചറും എക്സിക്യുട്ടീവും ജുഡീഷ്യറിയും ഇവയ്ക്കൊപ്പം മാധ്യമ സ്വാതന്ത്ര്യവും ശക്തവും സുതാര്യവുമായ പ്രവര്‍ത്തനം ഉറപ്പുവരുത്തണം.
പൗരസ്വാതന്ത്ര്യവും സമത്വവും ഉറപ്പുവരുത്തുന്ന ഭരണഘടനയെയും ഭരണഘടനാ സ്ഥാപനങ്ങളെയും ദുര്‍ബ്ബലമാക്കുന്ന ഏത് നടപടിയും രാജ്യത്തിന്റെ നിലനില്‍പ്പിനെ അപകടപ്പെടുത്തും. അതിനാല്‍ ഓരോരുത്തരും വൈവിധ്യത്തിനും വൈരുദ്ധ്യത്തിനുമപ്പുറം കര്‍മ്മനിരതരാകണമെന്ന് മന്ത്രി പറഞ്ഞു.
Post a Comment
0 Comments