അണ്ടര്‍19 ലോകകപ്പ് ക്രിക്കറ്റിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. ഓസ്ട്രേലിയക്കെതിരെ നൂറു റണ്‍സിന്റെ ത്രസിപ്പിക്കുന്ന വിജയവുമായാണ് ഇന്ത്യന്‍ യുവനിര തുടക്കം ഗംഭീരമാക്കിയത്. ഏഴു വിക്കറ്റ് നഷ്ടത്തില്‍ 328 റണ്‍സ് നേടിയാണ് നീലപ്പട കരുത്തറിയിച്ചത്. മറുപടി ബാറ്റിങിനിറങ്ങിയ ഓസ്ത്രേലിയക്ക് 42.5 ഓവറില്‍ 228 റണ്‍സ് മാത്രമേ നേടാനായുള്ളൂ.
മൂന്നു വിക്കറ്റ് വീതം സ്വന്തമാക്കിയ നാഗര്‍കോട്ടിയും ശിവം മാവിയും ചേര്‍ന്നാണ് ഇന്ത്യയുടെ വിജയം എളുപ്പമാക്കിയത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യക്ക് മിന്നുന്ന തുടക്കമാണ് ലഭിച്ചത്. 29.4 ഓവറില്‍ 180 റണ്‍സിന്റെ ഓപ്പണിങ് കൂട്ടുകെട്ടുണ്ടാക്കിയ നായകന്‍ പൃഥ്വി ഷായും മന്‍ജോത് കല്‍റയും ഇന്ത്യക്ക് മികച്ച അടിത്തറ നല്‍കി. പൃഥ്വി ഷാ 100 പന്തില്‍ 94 റണ്‍സ് നേടിയപ്പോള്‍ 99 പന്തില്‍ 86 റണ്‍സായിരുന്നു മന്‍ജോതിന്റെ സംഭാവന.
പൃഥ്വി ഷായെ പുറത്താക്കി സതര്‍ലാന്‍ഡാണ് ആ കൂട്ടുകെട്ട് പൊളിച്ചത്. പിന്നീട് ക്രീസിലെത്തിയ ശുഭം ഗില്ലും തന്റെ റോള്‍ ഗംഭീരമാക്കി. 54 പന്തില്‍ 63 റണ്‍സെടുത്ത ശുഭത്തെ എഡ്വാര്‍ഡ്സ് പുറത്താക്കുകയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് നിരയില്‍ 73 റണ്‍സ് നേടിയ ജാക് എഡ്വാര്‍ഡ്സ്, 39 റണ്‍സ് നേടിയ ബാക്സറ്റര്‍ ജെ ഹോള്‍ട്ട്, 38 റണ്‍സ് നേടിയ ജൊനാഥന്‍ മെര്‍ലോ എന്നിവര്‍ മാത്രമാണ് തിളങ്ങിയത്.
Post a Comment
0 Comments