Type Here to Get Search Results !

Bottom Ad

കോണ്‍ഗ്രസ് സഖ്യത്തില്‍ നിലപാടാവര്‍ത്തിച്ച് സിപിഐ


ന്യൂഡല്‍ഹി (www.evisionnews.co): കോണ്‍ഗ്രസ് സഖ്യത്തില്‍ നിലപാടാവര്‍ത്തിച്ച് സിപിഐ. കോണ്‍ഗ്രസുമായി തൊട്ടുകൂടായ്മ ഇല്ലെന്ന് സിപിഐ ദേശീയ സെക്രട്ടറി എസ്. സുധാകര്‍ റെഡ്ഡിയാണ് വ്യക്തമാക്കിയത്. രാഷ്ട്രീയ തന്ത്രവും തെരഞ്ഞെടുപ്പ് തന്ത്രവും രണ്ടായി കാണണമെന്നും സിപിഐ പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട രാഷ്ട്രീയ പ്രമേയ രേഖയുടെ കരട് റിപ്പോര്‍ട്ട് അവതരിപ്പിക്കവെ സുധാകര്‍ റെഡ്ഡി സൂചിപ്പിച്ചു.

സംസ്ഥാന സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് സഖ്യങ്ങള്‍ രൂപീകരിക്കാമെന്നും ബിജെപിയെ തോല്‍പിക്കാനാണ് മുന്‍ഗണന നല്‍കേണ്ടതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കരട് റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ച വരും ദിവസങ്ങളില്‍ നടക്കും. കോണ്‍ഗ്രസ് ബന്ധം വേണ്ടെന്ന് സിപിഎം കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. ഇത് സംബന്ധിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി മുന്നോട്ട് വച്ച നിര്‍ദേശങ്ങള്‍ പാര്‍ട്ടി ഒന്നടങ്കം തള്ളുകയും ചെയ്തിരുന്നു. കോണ്‍ഗ്രസ് ബാന്ധവത്തിന് മുതിരരുതെന്നും അത് പാര്‍ട്ടി നിലപാടിന് ചേര്‍ന്നതല്ലെന്നുമുള്ള പ്രകാശ് കാരാട്ടിന്റെ നിലപാടിനായിരുന്നു സിപിഎമ്മില്‍ സ്വീകാര്യത.

ഈ സാഹചര്യം നിലനില്‍ക്കെയാണ് കോണ്‍ഗ്രസ് സഖ്യം ആകാമെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കി സിപിഐ വീണ്ടും രംഗത്തെത്തുന്നത്. ജനറല്‍ സെക്രട്ടറി അവതരിപ്പിച്ച കരട് റിപ്പോര്‍ട്ടിലെ ഈ പരാമര്‍ശങ്ങള്‍ സംബന്ധിച്ച് നേതൃനിരയില്‍ നിന്ന് ആര്‍ക്കും തന്നെ ഭിന്നാഭിപ്രായങ്ങള്‍ ഇല്ലായിരുന്നുവെന്നാണ് വിവരങ്ങള്‍.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad