തിരുവനന്തപുരം (www.evisionnews.co): കേരളത്തില്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ കാല്‍ലക്ഷത്തിലേറെ കാറുകള്‍ പുതുച്ചേരിയില്‍ വ്യാജ വിലാസത്തില്‍ റജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ചതായി ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. നികുതി വെട്ടിച്ച 2356 ആഡംബര വാഹനങ്ങളുടെ പട്ടിക മോട്ടോര്‍വാഹന വകുപ്പ് തയാറാക്കിയിട്ടുണ്ട്. ഇതിനു പുറമേ, ഏകദേശം 23,000 ഇടത്തരം കാറുകളും ഇത്തരത്തില്‍ പുതുച്ചേരിയില്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണു ക്രൈംബ്രാഞ്ച് കണ്ടെത്തിയത്.
ഇത്തരം കാറുടമകളുടെ കേരളത്തിലെയും പുതുച്ചേരിയിലെയും വിലാസങ്ങള്‍ അന്വേഷണ സംഘം ശേഖരിച്ചു തുടങ്ങി. പിവൈ01, പിവൈ03, പിവൈ05 ആര്‍ടി ഓഫിസുകളില്‍ റജിസ്റ്റര്‍ ചെയ്ത വാഹനങ്ങളുടെ പട്ടികയാണു ശേഖരിക്കുന്നത്. ഇതില്‍, പിവൈ03 മാഹി റജിസ്‌ട്രേഷനും മറ്റു രണ്ടും പുതുച്ചേരിയിലുമാണ്. നേരത്തേ, 50 ലക്ഷം രൂപയ്ക്കു മുകളില്‍ വിലയുള്ള കാറുകളുടെ നികുതി വെട്ടിപ്പാണു ക്രൈംബ്രാഞ്ച് അന്വേഷിച്ചത്. ഇപ്പോള്‍, 50 ലക്ഷത്തില്‍ താഴെ വിലയുള്ള കാറുകളുടെ കണക്കാണു ശേഖരിക്കുന്നത്.
പുതുച്ചേരിയില്‍ പതിനായിരത്തിലേറെ വാടകവീടുകള്‍ മാത്രമേയുള്ളൂവെന്നും അപ്പോള്‍ 23,000 പേര്‍ അവിടെ എങ്ങനെ വാടകവീട്ടില്‍ താമസിക്കുന്നുവെന്നത് അന്വേഷിക്കുകയാണെന്നും ക്രൈംബ്രാഞ്ച് ഐജി: എസ്.ശ്രീജിത് പറഞ്ഞു. കുറേ പേര്‍ നേരായ രീതിയില്‍ റജിസ്റ്റര്‍ ചെയ്തവരാകാം. മാഹിയില്‍ റജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ പലതും അത്തരത്തില്‍പെടും. എങ്കിലും ഇരുപതിനായിരത്തിലേറെ വാഹനങ്ങള്‍ നികുതിവെട്ടിച്ച പട്ടികയില്‍ വരുമെന്നാണു നിഗമനം. പട്ടിക ഉടന്‍ മോട്ടോര്‍വാഹന വകുപ്പിനു കൈമാറും. ഒരുകോടി വിലയുള്ള വാഹനം പുതുച്ചേരിയില്‍ റജിസ്റ്റര്‍ ചെയ്താല്‍ 19 ലക്ഷം രൂപയാണ് ഉടമയ്ക്കു ലാഭം. കേരളത്തില്‍ 20 ലക്ഷം രൂപ നികുതി നല്‍കണം.
Post a Comment
0 Comments